സംഗീത പരിപാടിക്കായി പാട്ടുകാരൻ എഡ് ഷീരൻ മുംബൈയിലെത്തി. ശക്തമായ സുരക്ഷയ്്ക്കും ആരാധകരുടെ ആർപ്പുവിളിക്കും നടുവിലേക്കായിരുന്നു താരത്തിന്റെ വരവ്. നാളെയാണ് എഡ് ഷീരന്റെ സംഗീത പരിപാടി. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ ഗാർഡൻസിൽ നടക്കുന്ന പരിപാടിയിൽ 10000 ആളുകളെയാണ് കേൾവിക്കാരായി പ്രതീക്ഷിക്കുന്നത്.
ഒക്ടോബറിൽ നടന്ന ഒരു അപകടത്തിൽ എഡ് ഷീരന്റെ ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടത്താനിരുന്ന സംഗീത പരിപാടികളിൽ നിന്ന് എഡ് ഷീരൻ പിൻമാറും എന്നു സൂചനയുണ്ടായിരുന്നു. എന്തായാലും കുറേ പരിപാടികൾ വേണ്ടെന്നു വച്ചെങ്കിലും ഇന്ത്യയിലേത് ഒഴിവാക്കിയില്ല.
45 അംഗ സംഘവുമായാണ് എഡ് ഷീരൻ എത്തിയിരിക്കുന്നത്. 20 ആഢംബര കാറുകളാണ് ഇവർക്കായി സംഘാടകർ ഒരുക്കിയത്. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ 60 മുറികളിലായാണ് ഇവരുടെ താമസം. രാത്രി എട്ടു മണിക്കാണ് സംഗീത പരിപാടി ആരംഭിക്കുന്നത്. ടിക്കറ്റ് എടുത്തവർ രണ്ടു മണിക്കൂർ മുൻപെങ്കിലും സ്റ്റേഡിയത്തിലെത്തണം. ഒമ്പത് മണിക്കു ശേഷം ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
26കാരനായ എഡ് ഷീരൻ തിങ്കിങ് ഒൗട്ട് ലൗഡ് എന്ന ഗാനത്തിന് രണ്ട് ഗ്രാമി പുരസ്കാരങ്ങൾ നേടാനായി. ഷേപ് ഓഫ് യൂ എന്ന ഗാനമാണ് ഏറ്റവും പുതിയ എഡ് ഷീരൻ ഹിറ്റ്. ഇന്ത്യയിൽ ഇതിനു മുൻപ് 2015ലായിരുന്നു എഡ് ഷീരന്റെ പരിപാടി.
എഡ് ഷീരന്റെ വരവിനെ താരതമ്യപ്പെടുത്തുന്നത് മറ്റൊരു പോപ് സംഗീതജ്ഞനായ ജസ്റ്റിൻ ബീബറിനോടാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ ബീബർ സംഘാടകരോട് ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു. ആഡംബര കാറുകളുടെ എണ്ണം, കഴിക്കാൻ വേണ്ട ഭക്ഷണം, താമസിക്കുന്ന ഹോട്ടലില്‍ വേണ്ട സൗകര്യങ്ങൾ, തുടങ്ങി ബീബർ മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു. റോൾസ് റോയ്സ് കാറില്‍ തുടങ്ങി ഹെലികോപ്ടർ വരെ നീളുന്ന രാജകീയമായ സൗകര്യങ്ങളാണു താരത്തിനു നൽകിയത്. അതുവച്ചു നോക്കുമ്പോൾ എഡ് ഷീരൻ തീർത്തും ലാളിത്യമുള്ളയാളാണ് എന്നാണ് വിലയിരുത്തുന്നത്.
അത്യാഡംബരത്തോടെ ഇന്ത്യയിലെത്തിയ ബീബർ ഏറെ പഴി കേൾക്കുകയും ചെയ്തു. സംഗീത പരിപാടിയിൽ ലൈവ് പാടാതെ റെക്കോഡിനൊപ്പം ചുണ്ടനക്കിയെന്ന ആരോപണവും നേരിട്ടു. തെളിവായി ആരാധകർ നിരവധി വിഡിയോകളും പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ നിന്നുള്ള മടക്കവും വൻ വാർത്താപ്രാധാന്യം നേടി. പാതിരാത്രിയായിരുന്നു ബീബർ ഇന്ത്യ വിട്ടത്. കടുത്ത ചൂട് ആയിരുന്നു പെട്ടെന്നുള്ള യാത്രയ്ക്ക് കാരണമായി ബീബറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.