എന്തെങ്കിലുമൊരു വിവാദമുണ്ടാക്കാതെ സംഗീത പരിപാടികൾ അവസാനിപ്പിക്കുന്ന പതിവില്ല ജസ്റ്റിൻ ബീബറിന്. മിക്കപ്പോഴും കാണികളുമായിട്ടാകും ഏറ്റുമുട്ടൽ. എന്നാൽ ഇത്തവണ കളി കാര്യമായി. വിവാദങ്ങളുടെ പാട്ടുകാരന് ചൈനയിൽ സംഗീത പരിപാടി അവതരിപ്പിക്കാനാകില്ല. താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ചൈന.
ചൈനയിൽ പോയി താരം എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതിനല്ല നടപടി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചപ്പോൾ സൃഷ്ടിച്ച വിവാദങ്ങളാണ് വിനയായത്. ഇത്തരം മോശം ചരിത്രമുള്ളൊരാളെ പരിപാടിയ്ക്ക് ക്ഷണിക്കാൻ താൽപര്യമില്ലെന്നാണ് ബെയ്ജിഹ് മുൻസിപ്പിൽ ബ്യൂറോ ഓഫ് കൾച്ചർ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വ്യക്തമാക്കുന്നത്.
ബീബർ വിവാദനായകനാണെന്ന് ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ മനസിലാകും. കാണികൾ കടുത്ത അസംതൃപ്തിയോടെയാണ് പലപ്പോലും വേദി വിടുന്നത്. ഇത് ചൈനയിലും ആവർത്തിക്കില്ലെന്ന് ഉറപ്പില്ലല്ലോ. അതുകൊണ്ടാണ് ബീബറിനെ പോലൊരു കലാകാരനെ മാറ്റി നിർത്തുന്നത്.
പർപ്പസ് എന്നു പേരിട്ട ലോക പര്യടനത്തിലാണ് ബീബർ ഇപ്പോൾ. ചൈന, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലാണ് പരിപാടി നടത്താനിരുന്നത്. അതില്‍ ചൈനയിൽ ബീബറിന് ഇനി പ്രവേശനമില്ല. മാസങ്ങൾക്ക് മുൻപ് മുംബൈയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ ബീബർ ആഡംബര കാര്യങ്ങൾ ആവശ്യപ്പെട്ടതും റെക്കോർഡ് പ്ലേ ചെയ്ത് ചുണ്ടനക്കി പാടി ആരാധകരെ പറ്റിച്ചതും വിവാദമായിരുന്നു. അന്ന് പരിപാടിയ്ക്കു ശേഷം ബീബർ ഇന്ത്യയിൽ കുറേയിടങ്ങളിൽ സന്ദർശനം നടത്താനിരുന്ന ബീബർ പാതിരാത്രി മാധ്യമങ്ങളെ വെട്ടിച്ച് ഇന്ത്യ വിടുകയായിരുന്നു. കടുത്ത ചൂടു കാരണമാണ് ഇതെന്നായിരുന്നു അന്ന് പരിപാടി സംഘടിപ്പിച്ച വൈറ്റ് ഫോക്സ് വൃത്തങ്ങൾ സൂചിപ്പിച്ചത്.