ജസ്റ്റിൻ ബീബർ സംഭവബഹുലമായി ഇന്ത്യയിൽ പറന്നിറങ്ങിയതിനു ശേഷമുള്ള ആദ്യ പകൽ മുംബൈയിലെ തെരുവോരങ്ങളിലായിരുന്നു. കാറിൽ പലയിടങ്ങളിൽ പോയും ഫുട്ബോൾ കളിച്ചും തെരുവിലെ കുട്ടികളെ സന്ദർശിച്ചുമായിരുന്നു ആ ദിനം ചിലവഴിച്ചത്. തീർത്തും മോശമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കരികിലേക്ക് ബീബർ എത്തിയതും സാധാരണക്കാരനെ പോലെ സംസാരിച്ചതും വളരെ പോസിറ്റിവ് ആയിട്ടാണ് ഏവരും നോക്കിക്കണ്ടത്. എന്നാല്‍ ആ കുട്ടികൾ ആരാണ് തങ്ങളെ സന്ദർശിക്കുന്നതെന്നു തിരിച്ചറിഞ്ഞിരുന്നില്ലത്രേ. ലോകപ്രശസ്തനായ ഗായകനാണ് അവിടേക്കെത്തിയതെന്ന് അവർക്ക് മനസിലായിരുന്നില്ല. ഒരു വിഡിയോയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ് ആണു തങ്ങൾക്കരികിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ഈ കുട്ടികൾ തെറ്റിദ്ധരിച്ചത്. ചില കുട്ടികൾ ബീബർ അരികിലേക്കെത്തിയപ്പോൾ അങ്ങനെയാണു വിളിച്ചു പറഞ്ഞത്. മാധ്യമങ്ങളെയൊന്നും ഒപ്പം കൂട്ടാതെയാണു താരം അവിടേക്കു പോയത്. എന്നാൽ ആരോ ഒരാൾ ബീബർ കുട്ടികൾക്കരികെ നിൽക്കുന്ന വിഡിയോ പുറത്തുവിട്ടു. ആ വിഡിയോയിലാണ് ബീബറെ യോ യോ ഹണി സിങ് ആയി തെറ്റിദ്ധരിച്ചത്.
യോ യോ ഹണി സിങ് എന്നറിയപ്പെടുന്ന ഹിർദേഷ് സിങ് പോപ് റാപ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗായകനാണ്. ചടുലമായ സംഗീതത്തിലൂടെ യുവാക്കൾക്കും കുട്ടികള്‍ക്കുമിടയിൽ താരമായ ഹണി സിങ് ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഗായകനാണ്. മസ്താൻ എന്ന ചിത്രത്തിലെ ഒരു പാട്ടിന് 70 ക്ഷമാണു ഹണി സിങിനു പ്രതിഫലം ലഭിച്ചത്. ഇന്നേവരെ ഒരു പാട്ടിന് ബോളിവുഡിൽ നൽകപ്പെട്ട ഏറ്റവും വലിയ പ്രതിഫലമാണിത്.