താജ്മഹലും കണ്ടില്ല, ഡൽഹിയിലും പോയില്ല, ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയിലും പങ്കെടുത്തില്ല. മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ ജസ്റ്റിൻ ബീബർ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് പാതിരാത്രി തന്നെ അമേരിക്കയിലേക്കു പറന്നു. പരിപാടിക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതും ലിപ് സിങ്കിങ് വിവാദം ഉയർന്നതുമല്ല ഈ വേഗപ്പറക്കലിനു കാരണമെന്നാണു റിപ്പോർട്ട്. ഗായകന് ചൂട് സഹിക്കാൻ വയ്യത്രേ. ഷര്‍ട്ട് ഊരി കയ്യിൽ പിടിച്ചായിരുന്നു താരം വണ്ടിയിൽ കയറിയത്. താരത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്.
സംഗീത പരിപാടിക്കിടയിലും ചൂട് വില്ലനായി എന്ന് ബീബർ വെളിപ്പെടുത്തിയത്രേ. ഗിത്താർ വായനയിൽ പലയിടത്തും ശ്രുതി പിഴച്ചത് ഇതുകൊണ്ടായിരുന്നു. ബീബര്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ,
ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പമുള്ള പാർട്ടി താരം റദ്ദു ചെയ്തെങ്കിലും ഇന്ത്യയിൽ പറന്നിറങ്ങിയ ആദ്യ പകൽ മുംബൈയിലെ തെരുവോരങ്ങളിലെ കുട്ടികളെ കാണാനും പ്രാദേശികരോടൊത്ത് ഫുട്ബോൾ കളിക്കാനും ബീബർ സമയം കണ്ടെത്തിയിരുന്നു.
മുംബൈയിലെ മുൻനിര ഹോട്ടലിലെ മൂന്നു നിലകളിൽ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തിയാണ് പരിപാടിയുടെ സംഘാടകർ ബീബറിനു താമസസ്ഥലമൊരുക്കിയത്. സഞ്ചരിക്കാൻ റോൾസ് റോയ്സ് കാറും താരത്തിനൊപ്പമുള്ളവർക്ക് 10 ആഡംബര സെഡാനുകളുമായിരുന്നു താരം ആവശ്യപ്പെട്ടത്. താരത്തിനെ വിമാനത്താവളത്തിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഹോട്ടലിൽ എത്തിക്കാൻ രണ്ടു കോടിയുടെ പുതിയ വാഹനം വാങ്ങിയിരുന്നു.
ഈ വർഷം ഇന്ത്യയിലെ ‘ബിലീബേഴ്സ്’ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്നൊരു പരിപാടിയായിരുന്നു ഇത്. മൈക്കിൾ ജാക്സനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത പരിപാടിയും ഇതായിരുന്നു. എന്നാൽ പരിപാടിക്കു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്. മുംബൈയിൽ പലയിടത്തും ബീബർ സന്ദർശനം നടത്തിയെങ്കിലും വ്യക്തതയുള്ളൊരു ചിത്രം പോലും ആർക്കും എടുക്കാനായില്ല. അത്രയേറെ രഹസ്യമായിട്ടാണ് സംഘാടകരായ വൈറ്റ് ഫോക്സ് കമ്പനി ബീബറിന്റെ വരവും പോക്കും ആസൂത്രണം ചെയ്തിരുന്നത്.
ജൊഹാനസ്ബർഗിലാണ് ബീബറുടെ അടുത്ത സംഗീത പരിപാടി.