നമ്മളോട് ഇഷ്ടപ്പെട്ട പാട്ട് ഏതെന്നു ചോദിച്ചാൽ പറയാനിത്തിരി പ്രയാസമാണ് അല്ലേ? കൃത്യമായി ഒരു പാട്ട് പറയാനാകുന്നവർ തന്നെ വിരളം. എങ്കിലും പ്രിയപ്പെട്ട പാട്ടുകളെ അടുക്കും ചിട്ടയുമില്ലാതെ ചേര്‍ത്തുവച്ച് ഇടയ്ക്കിടെ പാടി നടക്കും. അല്ലേ? ഇപ്പോൾ പാടി നടക്കുക മാത്രമല്ല, വിഡിയോകളും തയ്യാറാക്കും. ലോകത്ത് ഇന്ന് അങ്ങനെ ഏറ്റവുമധികം വിഡിയോകൾ ചെയ്യപ്പെടുന്നത് മൂന്നു പാട്ടുകളിലാണ്. ലോകത്തിലെ ഏറ്റവും മികച്ച
പാട്ടുകളുടെ കൂട്ടത്തിലാണ് അവ എന്നു മാത്രമല്ല, മനസിനുള്ളിലെപ്പോഴുമത് താളം പിടിച്ചു കൊണ്ടേയിരിക്കുന്നു. വെറുതെ ഇങ്ങനെയിരിക്കുമ്പോൾ അറിയാതെ മൂളിപ്പോകുന്ന, വിരസമായ വേളകളിലേക്ക് രസക്കൂട്ടുമായെത്തുന്ന എപ്പോൾ കേട്ടാലും മനസുകൊണ്ടെങ്കിലും നമ്മെ നൃത്തം ചെയ്യിപ്പിക്കുന്ന പാട്ടുകൾ. വരികൾ അതീവ രസകരമോ കുസൃതിയോ കലർന്നതാണ്. അതുകൊണ്ടു തന്നെ എല്ലാ അതിരുകളും ഭേദിച്ച് ഈ ഗാനങ്ങൾ സാധാരണക്കാർക്കു പോലും പ്രിയപ്പെട്ടതാകുന്നു. വരികളുടെ അർഥമോ പാടിയത് ആരെന്നോ പോലും അറിയില്ലെങ്കിലും ആ താളങ്ങൾ കേള്‍വിയെ കൊതിപ്പിക്കുന്നു. ഈ മൂന്നു പാട്ടുകൾക്കും ലോകമൊട്ടുക്ക് വിഡിയോകൾ കവർ വേര്‍ഷനുകളും മാഷ് അപ് വിഡിയോകളും റീമിക്സ് വിഡിയോകളും തകൃതിയാണ്. അത്രയ്ക്കാണ് ഈ പാട്ടുകളുടെ ജനകീയത.
ഡെസ്പാസീറ്റോ, ഷേപ് ഓഫ് യൂ, ചീപ് ത്രിൽസ് എന്നീ മൂന്നു ഗാനങ്ങളാണിത്. ഇതിൽ ഷേപ് ഓഫ് യൂ എന്ന പാട്ടിനാണ് ഏറ്റവുമധികം വിഡിയോകളെത്തുന്നത്. പാട്ടിന്റെ വിഡിയോ മാത്രം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്ന പുതിയ വിഡിയോകളിൽ പലതും അതീവ രസകരമാണ്. ഇന്ത്യയിൽ ഈ മൂന്നു പാട്ടുകളിൽ ഏറ്റവുമധികം ഇഷ്ടക്കാരെ നേടിയതും ഈ പാട്ടു തന്നെ. കല്യാണ വിഡിയോകളിലും കോളജ് കുട്ടികളുടെ ആഘോഷങ്ങളിലും ഈ പാട്ടാണ് താരം. പാരഡി പാട്ടുകളും ഇഷ്ടം പോലെ. ഈ പാട്ടിനൊപ്പം കോളജ് കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോകളിൽ പലതും വൈറൽ ഹിറ്റുകൾ ആയിരുന്നു.
ബ്രിട്ടിഷ് ഗായകനായ എഡ് ഷീരന്റേതാണ് ഷേപ് ഓഫ് യൂ എന്ന പാട്ട്. 200 കോടിയോളം ആളുകളാണ് ഈ പാട്ട് യുട്യൂബ് വഴി കണ്ടത്. ഓസ്ട്രേലിയൻ ഗായിക സിയയുേടതാണ് ചീപ് ത്രിൽസ് എന്ന പാട്ട്. സ്പാനിഷ് ഗായകൻ ലൂയി ഫോൺസി ചിട്ടപ്പെടുത്തിയ പാട്ടാണ് ഡെസ്പാസീറ്റോ. ഇംഗ്ലിഷ് പാട്ടുകളെ ദശാബ്ദങ്ങൾക്കു ശേഷം ചാർട്ട്ബീറ്റുകളിൽ ഒന്നാം സ്ഥാനം നേടിയ ഗാനം കൂടിയാണിത്. ലോകത്തുള്ള എല്ലാ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിലും കൂടി ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോയും ഇതുതന്നെയാണ്.
Read More: Cover Versions, Most Watched Youtube Videos,Trending Videos