അമ്മയെ കുറിച്ചു പാടി എം.ജി.ശ്രീകുമാർ

ഓര്‍മകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ചങ്ങാതി. തിരിച്ചറിവുകളും ഊർജവും പ്രതീക്ഷയുമെല്ലാം കരുതലുമെല്ലാം ഓരോ മനുഷ്യ ജീവിയിലേക്കു നിറയ്ക്കുന്നത് ആ ഓർമകളാണ്. പ്രത്യേകിച്ച് അമ്മയിലൂടെ മനസിലേക്കു ചേര്‍ക്കപ്പെടുന്നവ. ആ ഓർമകളുടെ മാധുര്യമാണീ പാട്ടിനെ ഇത്രയ്ക്കു മനോഹരമാക്കിയത്. എം.ജി. ശ്രീകുമാർ പാടിയ ഈ ഗാനത്തിൽ നിറയെ ഓർമയും അമ്മയുടെ സ്നേഹവുമാണ്.

അമ്മയെ കുറിച്ചു പാടിയാലും എഴുതിയാലും പറഞ്ഞാലുമൊക്കെ നമുക്കൊരിപാടിഷ്ടമാണു കേട്ടിരിക്കാൻ. ഈ പാട്ടും അതുകൊണ്ടു തന്നെ പ്രിയപ്പെട്ടതാകും. ഭാവാർദ്രമായ ഒരുപാട് മെലഡികള്‍ പാടിയ അതേ ആലാപന ശൈലിയോടെയാണ് ഈ പാട്ടിനേയും എം.ജി.ശ്രീകുമാർ മനോഹരമാക്കിയതും. സരിത രാജിവിന്റെ ബാക്കിങ് വോക്കലും രസകരമാണ്.

അമ്മ സമ്മാനിച്ച ഓർമകളുടെ കൂടാരത്തെ വരികളാക്കിയതും അതിൽ സംഗീതം നിറച്ചതും ശ്യാം മോഹനാണ്. അമ്മ അമ്മ ഉയിരാണെനിക്ക് എന്നു തുടങ്ങുന്ന പാട്ട് വിരൽത്തുമ്പിലാരോ എന്ന ആൽബത്തിലേതാണ്. നിസാം ബഷീറിന്റേതാണു ഓർക്കസ്ട്രേഷൻ.