ലണ്ടൻ: സംഗീത സപര്യയില്‍ 35 വർഷം പൂർത്തിയാക്കിയ ഗായകൻ എംജി ശ്രീകുമാറിന് ബ്രിട്ടനിൽ ആദരം. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പാർലമെന്റ് അംഗങ്ങളായ മാർട്ടിൻ ഡേ, ക്രിസ് ഫിലിപ്പ്, ലൂഫ്ടൺ മേയർ ഫിലിപ്പ് എബ്രാഹാം എന്നിവർ ചേർന്നാണ് എംജി ശ്രീകുമാറിന് അവാർഡ് നൽകി ആദരിച്ചത്. ലണ്ടനിലെ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ‘യു.കെ. ഈവന്റ് ലൈഫ്’ ആണ് ഇത്തരമൊരു ആദരം ഒരുക്കിയത്.
35 വർഷം എന്ന സംഗീത ജീവിതത്തിലെ നാഴികക്കല്ല് യുകെയിലെ മലയാളി സമൂഹത്തിനോടൊപ്പം അദ്ദേഹം ആഘോഷിക്കുകയാണ്. ശ്രീരാഗം 2017 എന്ന സംഗീത പരിപാടി ബ്രിട്ടനിൽ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു എം.ജി. ശ്രീകുമാർ. കുഞ്ഞു ഗായിക ശ്രേയ ജയദീപ്, രമേശ് പിഷാരടി എന്നിവരടങ്ങുന്ന വലിയ കലാ സംഘവും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. എം.ജി. ശ്രീകുമാറിന്റെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു സംഗീത നിശ.
കൂലി എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ എം.ജി.ശ്രീകുമാർ വിവിധ ഭാഷകളിലായി ഇതിനോടകം 3000ൽ അധികം ഗാനങ്ങളാണ് ആലപിച്ചത്. രണ്ടു വട്ടം മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.
എം.ജി. ശ്രീകുമാറിനൊപ്പമെത്തിയ മറ്റ് കലാകാരന്മാരെയും കമ്പനി മൊമെന്റോകൾ നൽകി ആദരിച്ചു. ഹാസ്യാവതരണരംഗത്തെ അവതരണ മികവിന് രമേഷ് പിഷാരടിക്കും ‘കൾച്ചറൽ അംബാസിഡർ ഓഫ് കേരളാ’’ എന്ന പേരിൽ സൂര്യ കൃഷ്ണമൂർത്തിക്കും ഗായിക ശ്രേയ ജയദീപിനും (ബഡിങ് യംങ് നേറ്റിങ്ങേൽ) പ്രത്യേകം പുരസ്കാരങ്ങൾ നൽകി. ‘സിങ് വിത്ത് എംജി’ എന്ന പേരിൽ സംഘടിപ്പിച്ച സംഗീത മൽസരത്തിൽ വിജയികളായ ജിയ ഹരികുമാർ, അനൂപ് ചന്ദ്ര, സ്മിത തോട്ടം എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.