Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി...

padakali-a-r-rahman-song

തൈപ്പറമ്പിൽ അശോകനും അരശും മൂട്ടിൽ അപ്പുക്കുട്ടനും... ഈ രണ്ടു കഥാപാത്രങ്ങൾ മലയാളിയുടെ ഓർമ്മക്കൊട്ടകങ്ങളെ ചെറുതായിട്ടൊന്നുമല്ല പിടിച്ചു കുലുക്കിയത്. "അന്നത്തെ സമയത്ത് അഞ്ചാറ് വട്ടന്മാർ ചേർന്നെടുത്ത ഒരു ക്രേസി പടം", എന്നാണു യോദ്ധ എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ സംഗീത് ശിവന്റെയും വിലയിരുത്തൽ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ മോഹൻലാലിന്റേയും ജഗതി ശ്രീകുമാറിന്റെയും ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളിൽ ഒന്നായതു മാറി. ഇരുവരും ചേർന്ന് മുഖാമുഖം നിന്ന് പോര് വിളിക്കുന്ന ഒരു ഗാനമുണ്ട്, അത് തന്നെയാണ് യോദ്ധയുടെ ഹൈലൈറ്റും .

"പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി..

അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..

പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം

അരമണി കിണി കിണി പലതാളം തക്കിട കിട തക താ...".

നാട്ടിൻപുറത്തെ മത്സരങ്ങളിൽ എന്തുവില കൊടുത്തും അശോകനെ പരാജയപ്പെടുത്താൻ അപ്പുക്കുട്ടൻ ശ്രമിച്ചാലും ഒടുവിൽ പരാജയം അപ്പുക്കുട്ടന് തന്നെയാകും എന്നത് സത്യമാണെങ്കിലും തോൽവികളിൽ തോറ്റു പിന്മാറാതെ അടുത്ത പോരിന് അങ്കക്കച്ച മുറുക്കി അപ്പുക്കുട്ടൻ പിന്നെയുമിറങ്ങും. ജഗതി-മോഹൻലാൽ ജോഡികളുടെ തമ്മിലുള്ള ഈ പടപ്പുറപ്പാട് തന്നെയാണ് ഒരുപക്ഷെ സിനിമയിൽ ഏറ്റവുമധികം ജനപ്രീതി ആർജ്ജിച്ചതും. മനോഹരമായ ഒരു പ്രണയഗാനമുണ്ടെങ്കിൽ പോലും യോദ്ധ എന്ന പേരിൽ മലയാളി ഓർക്കുന്നത് പടകാളി തന്നെ. എ ആർ റഹ്‌മാൻ ആദ്യമായി മലയാളത്തിന് വേണ്ടി സ്വതന്ത്രമായി ചെയ്ത സംഗീതം കൂടിയായിരുന്നു യോദ്ധയിലെ ഗാനങ്ങൾ. വരികൾ ബിച്ചു തിരുമലയുടേതാണ്.

"അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ

നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ

പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ

പിന്നാലെ കുറുക്കൻ തെയ്യന്താരോ.."

പടകാളി എന്നാൽ പടയ്ക്ക് തയാറായി നിൽക്കുന്ന കാളി എന്നർത്ഥം . ഈ ഗാനത്തിന് വേണ്ടി വരികളെഴുതുമ്പോൾ സാക്ഷാൽ ഭദ്രകാളിയെ ആണ് ഓർമ്മ വന്നതെന്ന് ബിച്ചു തിരുമല പറഞ്ഞതോർക്കുന്നു. അതുകൊണ്ടു തന്നെയാകണം വരികളിൽ ആദ്യഭാഗം കൂടുതലും ഭദ്രകാളിയുടെ പര്യായപദങ്ങൾ തന്നെയാണ്. അവ തന്നെ വാക്കുകൾ പലരും തെറ്റിച്ചാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പരാതി പറഞ്ഞിട്ടുമുണ്ട്. തൈപ്പറമ്പിൽ അശോകനും അറസും മൂട്ടിൽ അപ്പുക്കുട്ടനും അവരുടെ കാവിലെ പാട്ടു മത്സരവും ഇപ്പോഴും ആ പേരും രംഗങ്ങളും പോലും മറക്കാൻ കഴിയാതെ മനസ്സുകളിൽ നിൽക്കുന്നത് ഈ പറഞ്ഞ വരികളുടെയും സംഗീതത്തിന്റെയും ഒപ്പം സംഗീത് ശിവൻ ഒരുക്കിയ ദൃശ്യങ്ങളുടെയും ഭംഗി കൊണ്ട് തന്നെയാണ്. പരസ്പരം പരിഹാസത്തോടെ പോര് വിളിക്കുകയും അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേയ്ക്ക് എടുത്തു ചാടുകയും ചെയ്യുന്ന അപ്പുക്കുട്ടന്റെ മുഖവും ഒടുവിലത്തെ ഓട്ടവും അത്ര പെട്ടെന്ന് മറക്കാനാകുന്നതല്ല.ഒരുപക്ഷെ യോദ്ധായിലെ ഈ ഗാനം എ ആർ റഹ്‌മാൻ എന്ന പ്രതിഭയുടെ പേരിന്റെ പ്രശസ്തിയ്ക്കും അപ്പുറം കടന്നു പോയിട്ടുണ്ട് കുറഞ്ഞത് മലയാളിയുടെ മനസ്സിലെങ്കിലും. അതുകൊണ്ട് പടകാളിയെ ഓർക്കാൻ നമുക്ക് എ ആറിന്റെ ആവശ്യം തന്നെയില്ല.

പടകാളി പാട്ടിനു പുതിയതായി എത്ര കവറിങ് വേർഷനുകൾ വന്നാൽ പോലും അപ്പുക്കുട്ടന്റെ നിഷ്കളങ്ക മുഖവും അശോകന്റെ വെല്ലുവിളി ഏറ്റെടുത്ത പോലുള്ള കടന്നു വരവും ആർക്കെങ്കിലും മാറ്റി മറിയ്ക്കാനാകുമോ?

Read More: Nostalgic Songs, Song Of The Day,Evergreen Hits