വിഷമമുണ്ട്, നാണക്കേടും! സുചിലീക്സിനു ശേഷം സുചിത്ര കാർത്തിക് പ്രതികരിക്കുന്നു

റേഡിയോ ജോക്കിയായും ഗായികയായുമൊക്കെ തിളങ്ങിയെങ്കിലും സുചിത്ര കാർത്തിക് വാർത്തകളിലിടം നേടിയത് ട്വിറ്റർ അക്കൗണ്ടിലൂടെയാണ്. സുചി ലീക്സിലൂടെ തമിഴ് സിനിമ ലോകത്തെ വിറപ്പിച്ചു അവർ. സൂപ്പർ താരം ധനുഷിനെതിരെ ലൈംഗിക കുറ്റമടക്കം ആരോപിച്ച്, സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് വലിയ കോലാഹലമാണ് സുചിത്ര നടത്തിയത്. അഭിനേതാക്കളായ ചിമ്പു, ആൻഡ്രിയ ജെറമിയ, തൃഷ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ എന്നിവരേയും ഇവർ വെറുതെ വിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സുചിത്രയ്ക്കു മാനസിക സമ്മര്‍ദ്ദമാണെന്നും ഭർത്താവും നിരന്തരം ആവര്‍ത്തിച്ചു. എല്ലാത്തിനും ഒടുക്കമായത് സുചിത്ര ലണ്ടനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന വാർത്തയോടെയാണ്. എന്തായാലും താരം ഇപ്പോൾ എല്ലാത്തിനും ഉത്തരം നൽകുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുചിത്ര സുചി ലീക്സും അതിന്റെ പ്രതിഫലനവുമെല്ലാം തുറന്നു പറഞ്ഞത്. ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നതിൽ ഉറച്ചുനിന്ന താരം ഇക്കാര്യങ്ങളിലെല്ലാം താൻ തീർത്തും ദുംഖിതയാണെന്നും നാണക്കേട് തോന്നുന്നുവെന്നുമാണ് അഭിപ്രായപ്പെട്ടത്. 

ജീവിതത്തിലെ ഏറ്റവും കഠിനമായ രണ്ടു മാസത്തിലൂടെയാണു കടന്നു പോയത്.  ഞാൻ കാരണം വീട്ടുകാരും സുഹൃത്തുക്കളും ആരാധകരും അനുഭവിച്ച വിഷമത്തിനു കണക്കില്ല. എല്ലാ കാര്യത്തിലും അതിയായ വിഷമമുണ്ട്. ട്വിറ്ററിലൂടെ നടന്ന കാര്യങ്ങളിൽ എനിക്കൊരു നിയന്ത്രണവുമില്ലായിരുന്നു. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു. സുചിത്ര പറഞ്ഞു. 

ഗൂഢമായ ലക്ഷ്യത്തോടെ കുറേ േപർ ചേർന്നു ചെയ്തതാണിത്. പത്തു വർഷത്തോളമായി എന്നെ അറിയാവുന്നവർ. എന്നോട് ശത്രുതയുള്ള ഒരാൾ. വ്യക്തിപരമായി ഞാൻ കുറച്ചു വിഷമഘട്ടത്തിലായപ്പോള്‍ എന്നെ കടന്നാക്രമിച്ചു. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാനായി ചെന്നൈയിലെ ഒരു കമ്പനിയെയാണ് ഇവർ ഉപയോഗിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ഫെബ്രുവരി 19നായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് എനിക്കു തോന്നുന്നത്. ട്വിറ്റർ ഇന്ത്യയുടെ ഓഫിസുമായി ബന്ധപ്പെട്ട് എന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനൊക്കെ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എന്റെ അക്കൗണ്ടിലൂടെ പുറത്തു പോയതിൽ എനിക്ക് വലിയ നാണക്കേടുണ്ടാക്കി. 40 ഓളം വ്യാജ പ്രൊഫൈലുകളാണ് എന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടത്. എല്ലാം കൂടി കണ്ടപ്പോൾ മാനസികമായി തകർന്നുപോയി. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ് എനിക്കു ജീവിതത്തിലേക്കു തിരികെ വരാനായത്. 

ഒന്നരമാസമായി അമേരിക്കയിലായിരുന്നു. ഞാൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞത് സത്യമാണ്. ആ കാലത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത കുറേ കാര്യങ്ങൾ ജീവിതത്തിൽ നടന്നത്. ഇപ്പോൾ എല്ലാം ശരിയായി വരുന്നു. സംഗീതത്തിനൊപ്പമാണ് ഇനിയുള്ള കാലവും. പാടിയും എഴുതിയും പഴയ സുചിത്രയാകണം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സുചിത്ര കാർത്തിക് വ്യക്തമാക്കി. 

ഒരു പാർട്ടിക്കിടെ ധനുഷിനൊപ്പം വന്നവരിൽ ചിലർ തന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ചിത്രമടക്കമായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ധനുഷിനെ വെല്ലുവിളിക്കുന്ന തരത്തിൽ നിരവധി ട്വീറ്റുകളും അവർ ചെയ്തു. ധനുഷും അനിരുദ്ധും ചേർന്ന് മയക്കു മരുന്നു നൽകി തന്നെ പീഡിപ്പിച്ചുവെന്നും തന്റെ ഭാഗം ശരിയാണെന്നും ധനുഷിന്റെ യഥാർഥ മുഖം ലോകത്തെ അറിയിക്കുമെന്നുമൊക്കെ അതിലുണ്ടായിരുന്നു. തമിഴിലെ വൻനിര താരങ്ങൾക്കെതിരെ സുചിത്രയുടെ അക്കൗണ്ടിൽ വന്ന കാര്യങ്ങൾ അവരുടെ കരിയറിനെ ബാധിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണാം. ഈ വിഷയത്തിൽ ഇന്നേവരെ ആരോപണ വിധേയരായ താരങ്ങളാരും മറുപടി പറഞ്ഞിട്ടില്ല.