Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗത്തിൽ 23 കോടി! യുട്യൂബിലെ താരം ഈ ഹിന്ദി ഗാനം

naashe-chadh-befikre

യുട്യൂബിൽ ഏറ്റവും വേഗത്തിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടിയെടുത്ത ഹിന്ദി ഗാനം ഏതാണ്? ഒരുപക്ഷേ ഉത്തരങ്ങളുടെ കൂട്ടത്തിൽ പഴയ ഹിന്ദി പാട്ടുകളോ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലെ പാട്ടുകളോ ഒക്കെയാകും ഉണ്ടാകുക. എന്നാൽ അവയൊന്നുമല്ല. ബോക്സ് ഓഫിസിൽ അത്രയ്ക്കൊന്നും ഹിറ്റ് ആകാതിരുന്ന ഒരു ചിത്രത്തിലെ പാട്ടാണ് 23 കോടിയിലധികം പ്രേക്ഷകരെ നേടി മുൻപിലെത്തിയത്. ഏറ്റവും വേഗത്തില്‍ 20കോടിയിലധികം കാഴ്ചക്കാരെ നേടുന്ന ഹിന്ദി വിഡിയോ എന്നതിനപ്പുറം വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിലും ഒന്നാം സ്ഥാനം നേടി ഈ പാട്ട്.

ബേഫിക്ര എന്ന ചിത്രത്തിലെ 'നഷേ സി ചഡ് ഗയി ' എന്ന പാട്ടാണ് ആ താരം. നേരത്തെ 24 മണിക്കൂർ കൊണ്ട് ഏറ്റവുമധികം പ്രേക്ഷകരെ നേടിയ പാട്ട് എന്ന റെക്കോർഡും ഈ പാട്ട് സ്വന്തമാക്കിയിരുന്നു. ആറു മാസം കൊണ്ടാണ് പുതിയ വലിയ നേട്ടം സ്വന്തമാക്കിയത്. പുറത്തിറങ്ങിയ കാലം തൊട്ടേ യുട്യൂബിലെ താരമാണ് ഈ പാട്ട്.

വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ടാണിത്. രൺവീർ സിങും വാണി കപൂറും ആടിപ്പാടിയ പാട്ട് ഇറങ്ങിയ കാലം തൊട്ടേ യുവത്വത്തെ ആകര്‍ഷിച്ചതാണ്. ഇരുവരുടെയും നൃത്തവും ജീവിതത്തോടു ഹരംതോന്നിപ്പിക്കുന്ന ആഘോഷവുമാണ് പാട്ടിനൊപ്പമുണ്ടായിരുന്നത്. പാരിസിലായിരുന്നു ഗാനം ചിത്രീകരിച്ചത്. 

അരിജിത് സിങ് ആലസ്യത്തിൽ കുസൃതിയോടെ പാടിയ പാട്ട് ജയ്ദീപ് സാഹ്‍നിയാണു എഴുതിയത്. വൈഭവി മെർചന്റ് ആയിരുന്നു പാട്ടിന് നൃത്തച്ചുവടുകളൊരുക്കിയത്. 

കൊറിയൻ ഗായകൻ സൈയുടെ ഗണ്ണം സ്റ്റൈൽ എന്ന ഗാനമാണ് ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ യുട്യൂബ് വിഡിയോ. 200 കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടത്.