Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മികവിന്റെ അവസാന വർഷമാകാം: അരിജിത് സിങ്

arijith

ബോളിവുഡിലെ ഏറ്റവും മധുരതരമായ സ്വരങ്ങളിലൊന്നാണ് അരിജിത് സിങിന്റേതെന്നതിൽ തർക്കമില്ല. അടുത്തിടെയിറങ്ങിയ വമ്പൻ ചിത്രങ്ങളിലെല്ലാമുണ്ട് അരിജിത് സിങിന്റെ സ്വരത്തിലുള്ള മനോഹരമായ ഗാനങ്ങൾ. ഭാവാർദ്രമായ ആലാപനം പോലെ കലർപ്പില്ലാത്തതായിരുന്നു അരിജിതിന്റെ അഭിപ്രായ പ്രകടനങ്ങളും. ബോളിവുഡ് ഗായക നിരയിൽ ഇങ്ങനെ കുതിക്കുമ്പോഴും അതിനു മാറ്റമില്ല. തന്റെ ഈ യാത്രയ്ക്ക് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ഗായകൻ പറയുന്നത്. ഒരുപക്ഷേ ബോളിവുഡിലെ ഒരു ഗായകനും ഇതുപോലെ തുറന്നു പറയാൻ ധൈര്യം കാണിക്കില്ല. ഇങ്ങനെയൊരു തുറന്ന പറച്ചിൽ നടത്തി എന്നു മാത്രമല്ല, ഈ അനിവാര്യതയെ എങ്ങനെയാണ് മറികടക്കേണ്ടതെന്നും അരിജിത് സിങ് പറഞ്ഞു. 

"ഒരുപക്ഷേ എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിൽ അവസാനത്തേതാകും ഇക്കൊല്ലം എന്നാണെനിക്കു തോന്നുന്നത്. അത് ബോളിവുഡിന്റെ ഒരു രീതിയാണ്. ഓരോ അഞ്ച്-ആറ് വർഷം കൂടുംതോറും പുതിയ സ്വരങ്ങൾ ബോളിവുഡിൽ വരും. പഴയവ മാറപ്പെടും. അല്ലെങ്കിൽ പുറകിലോട്ടു പോകും. അത് അനിവാര്യതയാണ്. പക്ഷേ സംഗീതത്തിനായി ഏറ്റവും ആത്മാർഥതയോടെ നിലകൊണ്ടാൽ ഏറെക്കാലും മുന്നോട്ടു പോകുവാനാകും. ഒരുപാടു ഗാനങ്ങൾ നമ്മളെ തേടി വരും. കാലാനുസൃതമായ മാറ്റത്തെ ഒരുപക്ഷേ താൻ അങ്ങനെയാകും അതിജീവിക്കുക" അരിജിത് സിങ് പറഞ്ഞു. 

മത്സരവീറുള്ള ഒരാൾക്കു മാത്രമേ നല്ലൊരു ഗായകനായി ബോളിവു‍ഡിൽ തിളങ്ങാനാകൂ എന്നാണു താരം വ്യക്തമാക്കിയത്. അരിജിത് സിങിന്റെ സംഗീത ജീവിതം തന്നെ ഒരു പോരാട്ടമാണ്. 2005ലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് അരിജിത് സിങ് ബോളിവുഡിന്റെ ശ്രദ്ധ നേടുന്നത്. എന്നിട്ടും ഒരു പാട്ടു കിട്ടാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു ആറു വർഷങ്ങൾ. ശങ്കർ-ഇഷാൻ-ലോയ് സഖ്യത്തിനും പ്രിതത്തിനുമൊപ്പം ആറു വർഷത്തോളം സഹ സംഗീത സംവിധായകനായി ചിലവിട്ടതിനു ശേഷമായിരുന്നു അത്. മർഡർ 2 എന്ന ചിത്രത്തിലായിരുന്നു അത്. ഫിർ മൊഹബത് എന്ന ഗാനം. 

ബോളിവുഡിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത് പിന്നെയും രണ്ടു കൊല്ലം കഴിഞ്ഞാണ്. ആഷിഖി 2വിലെ തും ഹി ഹോ എന്ന പാട്ട് കരിയർ തിരുത്തിയെഴുതി. ബോളിവുഡിന്റെ തിളക്കത്തിനൊപ്പം പോകുമ്പോഴും സംഗീതം അഭ്യസിക്കുവാനും അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിൽ അറിവു നേടാനും അരിജിത് സിങ് മറന്നില്ല. ബാൻഡിനൊപ്പം നിരവധി സംഗീത പരിപാടികളും മ്യൂസിക് ഫെസ്റ്റിവലുകളിലും സാന്നിധ്യമായി തന്റേതായ പാത അരിജിത് സിങ് കണ്ടെത്തി. 

Your Rating: