അധിക്ഷേപം സഹിക്കാൻ വയ്യ; ഗായകൻ ട്വിറ്റർ വിടുന്നു

ലോകത്ത് സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങളേക്കാൾ ഫോളേവേഴ്സ് ഉള്ളത് ഗായകർക്കാണെന്ന് നമുക്കറിയാം. ആരാധാകരുമായി അവർ നല്ല സമ്പർക്കം പുലർത്താറുമുണ്ട്. ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറികളുണ്ടാകാറുമുണ്ട്. ഗായകൻ എഡ് ഷീറൻ ഇപ്പോഴിതാ അങ്ങനെയൊരു സാഹചര്യത്തിൽ ട്വിറ്ററിൽ നിന്ന് പിൻവാങ്ങി. ആരാധകരിൽ ചിലർ അധിക്ഷേപിച്ചുവെന്നാണ് എഡ് ഷീറൻ പറയുന്നത്. ഞാൻ ട്വിറ്ററിൽ നിന്ന് പോകുന്നു. എനിക്ക് ഇതൊന്നും വായിക്കാന്‍ കഴിയില്ലെന്നു പറഞ്ഞാണ് എഡ് ഷീരന്റെ വിടവാങ്ങൽ. 

ഗായിക ലേഡി ഗാഗയുടെ ആരാധകരാണ് തന്നെ ലക്ഷ്യമിട്ട് ആക്ഷേപിക്കുന്നതെന്ന് എഡ് ഷീരൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഒരു അഭിമുഖത്തിൽ വന്ന പരാമർശങ്ങൾ ആരാധകർ തെറ്റിദ്ധരിച്ചുവെന്നാണ് എഡ് ഷീരൻ പറയുന്നു. ചിലയാളുകൾ പറയുന്ന ഒരു കമന്റ് മതി നമ്മളുടെ ഒരു ദിവസത്തെ നശിപ്പിക്കാൻ. ആളുകള്‍ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നില്ല. ചിലർ പറയുന്നത് വായിക്കുമ്പോൾ അരോചകം തോന്നും. ഒരാളെ മനപൂർവ്വം ലക്ഷ്യമിട്ടുള്ള ആക്രമണമാണിതൊക്കെ. എന്തിനാണ് ഇവർ ഇങ്ങനെയൊക്കെ സംസാരിക്കുന്നതിന്റെ കാരണം തിരഞ്ഞിരുന്ന് ആകെ തലവേദനയായി. എഡ് ഷീരൻ പറഞ്ഞു. 

ലോകം ഏറ്റവുമധികം ആഘോഷിക്കുന്നൊരു സംഗീത‍ജ്ഞനാണ് എഡ് ഷീരൻ. എഡ് ഷീരന്റെ മൂന്നാമത്തെ ആൽബമായ, ഡിവൈഡ് മൂന്നു മാസം കൊണ്ട് എൺപത് ലക്ഷത്തിലധികം പ്രാവശ്യമാണു വിറ്റഴിഞ്ഞത്. ആൽബത്തിലെ ഷേപ് ഓഫ് യൂ എന്ന പാട്ടിന് കോടിക്കണക്കിന് ആരാധകരെ നേടാനുമായി യുട്യൂബിൽ.