Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയിലെ ഏറ്റവും പുതിയ നല്ല 10 പാട്ടുകൾ

new-malayalam-films-songs-2017

സിനിമകൾ ഇറങ്ങും മുൻപേ തന്നെ ഹിറ്റാവുന്ന പാട്ടുകൾ കൊണ്ടാണ് പലപ്പോഴും സിനിമകൾ കാണണമോ വേണ്ടയോ എന്ന് പോലും പലപ്പോഴും ആസ്വാദകർ തീരുമാനിക്കുക. അത്രയധികം പ്രാധാന്യം ഗാനങ്ങൾക്ക് എത്ര പറഞ്ഞാലും മലയാളം സിനിമയിൽ ഇപ്പോഴുമുണ്ട്. എന്ന് വച്ചാൽ പാടില്ലാത്ത സിനിമകൾ പരാജയപ്പെടുന്നു എന്നല്ല പക്ഷെ പാട്ടിന്റെ പ്രസരം ഒട്ടും കുറവല്ല. പലപ്പോഴും മേക്കിങ് വീഡിയോയോ അല്ലെങ്കിൽ സിനിമയിൽ ഏറ്റവും കൊരുത്തു വലിക്കുന്ന സീനുകളോ കൂട്ടി ചേർത്ത് സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ തീരുന്നതിനു മുൻപ് ഇറക്കുന്ന അതിലെ ഗാനങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി തന്നെയാണ് കൂടുതലും പ്രയോജനപ്പെടും. ഈ വർഷം പുറത്തിറങ്ങുന്ന പറവ എന്ന ചിത്രം അഭിനേതാവ് കൂടിയായ സൗബിൻ പുറത്തിറക്കുമ്പോൾ അതിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളുണ്ട്.

നെഞ്ചിൽ ഈ നെഞ്ചിൽ

മിന്നൽ മിന്നും പോലെ

ഒരു തൂവെളിച്ചം

ഓ.. കണ്ണിൽ ഈ കണ്ണിൻ

മുന്നിൽ ഞാൻ നിന്നെ കണ്ടേ

പുതിയ പൊൻതിളക്കം"

മേക്കിങ് വീഡിയോ പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം വിനായക് ശശികുമാറിന്റെ വരികളാണ്. റെക്സ് വിജയൻറെ സംഗീതവും ആലാപനവും വേറിട്ട് നിൽക്കുന്നു. നടനെന്ന നിലയിൽ മാത്രം നമുക്ക് പരിചിതനായ വളരെ പെട്ടെന്ന് ചങ്കിൽ കയറിയിരുന്ന സൗബിന്റെ വ്യത്യസ്തമായ ഒരു അരങ്ങേറ്റം ആയിരിക്കും പറവ എന്ന് തന്നെ പ്രതീക്ഷിക്കാം.

ഒരു ലക്‌ഷ്യം ഉണ്ടെങ്കിൽ പോലും അതിലെത്താൻ കഴിയാതെ അലഞ്ഞു നടക്കേണ്ട ഗതികേട് ഓർമ്മ വരും " അഡ്‌വെന്റർസ് ഓഫ് ഓമനക്കുട്ടൻ" എന്ന ചിത്രത്തിലെ ഗാനം കാണുമ്പോൾ. ലളിതമായ വാക്കുകളുടെ ഭംഗി മാത്രമല്ല അതിനു ഏറ്റവും അനായാസമായ സംഗീതവും ഓളം തല്ലുന്നത് പോലെ തോന്നും. 

"തനിയെ തനിയെ തോന്നും വഴിയേ 

മാനം നോക്കി പോകയായി 

പടിഞ്ഞാട്ടു നിന്നും കിഴക്കോട്ടു പോകും  

പൊടി കാറ്റു പോലെ പോകയായി"

ബി കെ ഹരിനാരായണന്റെ വരികൾ എപ്പോഴും പേറുന്ന ഒരു സംഗീതാത്മകതയുണ്ട്. എന്നാൽ മറ്റുള്ളവയിൽ നിന്നും വ്യത്യാസപ്പെട്ട ഈ ഗാനത്തിൽ അത്രയധികം മേലാങ്കോലിയസ്‌നസ് തോന്നിയില്ലെങ്കിലും പോലും താളാത്മകത ആസ്വദിക്കാൻ കഴിയും. ഡോണ്‍ വിന്‍സന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ജോലിയും വേലയുമില്ലാതെ അലഞ്ഞു നടക്കേണ്ടി വരുന്ന പല തെരുവ് കാഴ്ചകളും ഓമനക്കുട്ടനിലൂടെ കടന്നു പോകുന്ന അനുഭവം ചിത്രീകരണത്തിൽ വ്യക്തമാകുന്നുമുണ്ട്. 

മലയാള സിനിമ എപ്പോഴും വ്യത്യസ്ത കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്.

അങ്കമാലിക്കാരനായ പ്രാഞ്ചിയേട്ടൻറെ ശബ്ദത്തിൽ "അങ്കമാലി ഡയറീസിന് വേണ്ടി ഒരുക്കപ്പെട്ട പാട്ട് ആ ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരെ പാട്ടിലേയ്ക്കും പിന്നീട് ചിത്രത്തിലേയ്ക്കും വലിച്ചിടാൻ ഈ നാടൻ താളമുള്ള ഗാനത്തിന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് അതിന്റെ പ്രത്യേകതയും. 

"അടി തമരടിക്കണ കാലമായെടീ

 തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

 തമരടിക്കണ കാലമായെടീ തീയാമ്മേ 

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... 

ഹേയ് തമരടിക്കണ കാലമായെടീ

 തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... തീയാമ്മേ ..."

ഒരു നാട് ഒരു സിനിമയുടെ ഭാഗമാക്കുക, ആ നാടിന്റെ പ്രത്യേകതകൾ അറിയാൻ വേണ്ടി മാത്രം സിനിമ ആസ്വദിക്കപ്പെടുക, നാടൻ ചേരുവകളും എല്ലാം എല്ലാം ലൈവ് ആയി റെക്കോർഡ് ചെയ്യപ്പെട്ട സിനിമയുടെ സ്വാഭാവിക ഇഴുകി ചേരൽ വർദ്ധിപ്പിക്കുക ... "അങ്കമാലി ഡയറീസ്" പുറത്തിറങ്ങുമ്പോൾ സിനിമയുടെ സവിശേഷതകൾ  ഇതൊക്കെ തന്നെയായിരുന്നു. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെയാകാം എല്ലാം പുതുമുഖങ്ങൾ ആയിട്ടും ആ ചിത്രം ഇത്രയധികം ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ ഇഷ്ടപ്പെട്ടതും. പ്രശാന്ത് പിള്ളയുടേതാണ് പാട്ടിന്റെ സംഗീതം. 

പോത്തേട്ടൻ ബ്രില്യൻസ് എന്നുറക്കെ പറയാൻ തോന്നിപ്പിക്കുന്ന സിനിമ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും " എന്ന പേരിൽ പുറത്തിറങ്ങുമ്പോൾ ദിലീഷ് പോത്തൻ എന്ന സംവിധായകൻ ഒരു ബ്രാൻഡായി മാറപ്പെടുന്നതായി നാം തിരിച്ചറിയുന്നു. ഓരോ സീനുകളിൽ പോലും ദിലീഷ് ടച്ച് ഉള്ളതായി കാഴ്ചയിൽ നാമറിയുന്നു. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തൊണ്ടിമുതലിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

"കണ്ണിലെ പൊയ്കയില് , 

കുഞ്ഞല മാലയില്… 

ഞാനോ മീനോ കാണാതീരം തേടി പോകും. 

പൊന്‍കിനാ തോണികളോ… 

പൊന്നരയന്നങ്ങളോ. 

ചാഞ്ഞിറങ്ങണ ചന്ദനവെയിലില് 

ഞാനലിഞ്ഞൊരു വേളയില്. 

പൊന്നരളി പൂവുനുള്ളി നിന്നെ ഞാനോര്‍ത്തതല്ലേ."

റഫീക്ക് അഹമ്മദിന്റെ വരികൾക്കുള്ള ശാലീനത ബിജി ബാലിന്റെ സംഗീതത്തിൽ മിഴിച്ചു നിൽക്കുന്നുണ്ട്. വൈക്കം കായലിന്റെയും ജങ്കാറിന്റെയും നാട്ടിന്പുറ ഭംഗികളിൽ , പിന്നെ ആരും അറിയാതെ രണ്ടു പേർ കൊരുത്തുവലിക്കുന്ന മിഴികളിൽ എല്ലാമുണ്ട് ഒരു റഫീഖ് അഹമ്മദ് സ്പർശം.

പ്രണയത്തിന്റെ നേർത്ത കിളിയൊച്ചകൾ... മഞ്ഞു പെയ്യുന്ന പുലരിയിലെ ഒന്നിച്ചുള്ള യാത്രകളിൽ മധുരം പെയ്യുന്നു.

"ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം

താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..

ഒരു തൂവൽ തെന്നലു മെല്ലെ

മാനമാകെ വന്നൊഴിയുമ്പോൾ

അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..

നാനാനാ... നാനാനാ..

ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം

താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം"

ഗോദ എന്ന ചിത്രത്തിലെ മനു രഞ്ജിത്ത് വരികൾ പ്രണയത്തിന്റെ മാസ്മരികതയുണർത്തുന്നുണ്ട്. ഷാൻ റഹ്‌മാന്റെ സംഗീതം ലഹരിയായി പടരുന്നു. ഗൗരി ലക്ഷ്മിയുടെ ശബ്ദം ലഹരിയിലേയ്ക്ക് ഒരു മഴ പെയ്യുന്ന അനുഭവം തോന്നിപ്പിക്കും. ഏറെ പ്രിയപ്പെട്ട ഒരാളോടൊപ്പം യാത്ര പോയത് പോലെ, അയാളുടെ അടുത്തിരിക്കാൻ കൊതിച്ച് ബസിലെ അടുത്ത സീറ്റിലേക്ക് അയാളെ ക്ഷണിക്കുന്നത് പോലെ... വാതിലിനു ചാരെ നിന്ന് ഒന്നിച്ച് കാറ്റ് കൊണ്ട് നിറയുന്നത് പോലെ. 

ഈ വർഷം പുറത്തിറങ്ങിയ സിനിമയാണെങ്കിൽ പോലും കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ പാട്ടുകളിൽ ഏറ്റവും മനോഹരം ഏതെന്ന ചോദ്യത്തിന് രാമന്റെ ഏദൻ തോട്ടത്തിലേയ്ക്ക് വെറുതെ കണ്ണുകളും കാതും നീളും. 

"അകലെയൊരു കാടിന്റെ

നടുവിലൊരു പൂവിൽ..

നുകരാതെ പോയ മധു മധുരമുണ്ടോ..

അവിടെ വന്നിളവേറ്റ

നാട്ടു പെൺപക്ഷിതൻ

കഥ കേൾക്കുവാൻ.. കാതു കാടിനുണ്ടോ..."

സന്തോഷ് വർമ്മയുടെ ഏറ്റവും മനോഹരമായ വരികളിലൊന്ന്. കാടിന്റെ ഭംഗിയും പച്ചപ്പും പ്രണയത്തിന്റെ താളവും അലിഞ്ഞു ചേർന്ന ഗാനം "രാമന്റെ ഏദന്തോട്ടം" എന്ന ചിത്രത്തിലേതാണ്. വരികളുടെ മാസ്മരിക ഭംഗി കൊണ്ട് തന്നെയാവണം ഏറെ പേരും ഈ ഗാനം അവരുടെ ഹൃദയത്തിന്റെ ഏറ്റവും വൈകാരികമായ അറയിൽ ഇതിനെ സൂക്ഷിച്ചു വച്ചിരിക്കുന്നതും. ബിജിബാലിന്റെ സംഗീതത്തിൽ ശ്രെയ ഘോഷാലിന്റെ മൊഞ്ചുള്ള ഒച്ച കൂടിയാകുമ്പോൾ കാട്ടിൽ പോയ പോലെ തോന്നലുകൾ, പിന്നെ പ്രണയത്തിന്റെ കലമ്പലുകൾ... 

പ്രണയഗാനങ്ങൾ എപ്പോഴും മനോഹരമായി തോന്നിയിട്ടുള്ളത്  ആൽബങ്ങളിൽ തന്നെയാണ്. കാരണം ഒരേയൊരു ഗാനത്തിന്റെയും അതിന്റെ പൂര്ണതയുടെയും കാര്യത്തിൽ വിട്ടു വീഴ്ചകൾ പാലിക്കാൻ സാധിക്കാത്തതുകൊണ്ടായിരിക്കാം. അത്തരമൊരു ആൽബം ഭംഗി ചിത്രീകരണത്തിൽ തോന്നിയ ഗാനമാണ്, വിനയ് ഫോർട്ടിന്റെ "അവരുടെ രാവുകൾ" എന്ന സിനിമയിലെ പ്രണയ ഗാനം.

"ഏതേതോ സ്വപ്നമോ..

ഏതോ വെൺതാരമോ..

ചാരെ അഴക് തൂകുവാൻ വന്നതാണു നീ (2)

തൂമധുരമൊഴികൾ ചൊല്ലിയെൻ  

മനസിൻ ഇതളായ് ചേരുമോ

ഓ.. അലസ മിഴികൾ നീട്ടിയെൻ  

ഹൃദവനിയിൽ പോരുമോ..  

അരികിൽ അലിയാം സാന്ദ്രമായ്  

കരളു കവിയുന്നാശകൾ..

കനവിതിൽ പൊഴിയുമോ.. പ്രണയമായ്"

എത്രനാൾ ഉള്ളിൽ തോന്നിയ സ്നേഹം പറയാതെയിരിക്കും. കുറെ നാളുടെ അലഞ്ഞു നടക്കലിന്റെയൊടുവിൽ പറയാതെ വയ്യെന്നാകുമ്പോൾ പരിഭ്രമത്തിന്റെ നെഞ്ചിടിപ്പുകളെ മറി കടന്നു അവളോട് അവൻ ഹൃദയം തുറക്കുന്നു. അവൻ വാങ്ങിയ മോതിരക്കല്ലിന്റെ തെളിച്ചം അവളുടെ പ്രാണന്റെ പാതി ഏറ്റു വാങ്ങുമ്പോൾ പ്രണയം പൂക്കൾ പൊഴിക്കുന്നു. സിബി പടിയറയുടെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം നൽകിയിരിക്കുന്നു. 

ഒരു ജീവിതം തുടങ്ങുമ്പോൾ എന്തൊക്കെ വേണം കൂടെ? ഒപ്പം ജീവിക്കാൻ സ്വപ്നങ്ങളറിയുന്നൊരു പെണ്ണ്, ആത്മവിശ്വാസം കെടാത്തൊരു മനസ്, അതുതന്നെയാവും ഈ സിനിമാക്കാരന്റെയും നെഞ്ചിൽ ഉണ്ടായിരുന്നിരിക്കുക. പ്രണയത്തിന്റെ നേർത്ത പുഴയൊച്ചകൾ...

"ഒഴുകിയൊഴുകി പുഴയിലൂടെ 

കരയില്‍ വന്നൊരീ ഇലകള്‍ നമ്മള്‍ 

പ്രണയ ശാഖിയില്‍ ഇനിയുമീറന്‍ 

ദല പുടങ്ങളായി മാറുവാനായ് 

പാടാന്‍ മറന്നു പോയൊരാ പാട്ടിന്‍ 

ചിറകുകളെ തഴുകിയിനി ഉയരുകയായ് 

സ്നേഹിച്ചും ലാളിച്ചും ഈ മണ്ണിന്‍ 

പൂമഞ്ചത്തില്‍ ആവോളം"

പുഴയിലൂടെ ഒഴുകുന്ന ഇലകളായി ലക്ഷ്യമില്ലാതെ അലഞ്ഞൊടുവിൽ ഏതെങ്കിലും കരയിൽ വന്നെത്തിയല്ലേ കഴിയൂ... പ്രണയത്തിന്റെ ശാഖികളിൽ ഈറൻ ദളങ്ങൾ പോലെ മറന്നു പോയ വരികളെ ഓർമ്മിക്കാൻ ശ്രമിച്ച് ഒന്നിച്ചുയരുന്ന അവരുടെ പ്രണയം. ബിജിബാലിന്റെ സംഗീതത്തിന് റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികളുടെ കൂട്ട് , ഹരിചരൺ , ശ്വേതാ മോഹൻ എന്നവരുടെ ശബ്ദത്തിൽ പുഴ പോലെ ഒഴുകി ഹൃദയം കവരുന്നു. ഒരു കായലിൽ കൂടി ഇരു ഹൃദയങ്ങൾ ഇലകൾ പോലെ ഒഴുകി നടക്കുന്നുണ്ട്, അടുത്തുള്ള കരയിൽ എത്തിപ്പറ്റാൻ ധൃതി കാട്ടുന്നുണ്ട്. അതേ വൈകാരികതയിൽ നാമും എത്തിപ്പെടുന്നു. 

ന്യൂജനറേഷൻ വന്നതോടു കൂടെ മലയാളം ഭാഷാ നിഘണ്ടുവിലേയ്ക്ക് കുറെയേറെ വാക്കുകൾ പുതിയതായി ചേർക്കപ്പെട്ടു. നിരാശാ കാമുകന്റെ നീണ്ടു അലസമായ താടിയുടെ പഴയ മുഖങ്ങൾ അകാലത്തിൽ ചരമമടയുകയും ഒരുവൾ പോയാൽ അടുത്തവളുടെ മോഹങ്ങളിലേയ്ക്ക് പെട്ടെന്ന് തന്നെ ചായുകയും എളുപ്പമാകുന്നു. പക്ഷെ പ്രണയിച്ച് പറ്റിച്ചു പോയവൾ "തേച്ചിട്ട്" പോയവൾ ആകുന്നു. സിമ്മല്ലാത്ത ഫോൺ പോലെ കുറച്ചു നേരത്തേയ്ക്ക് ഒറ്റപ്പെട്ടവനായാലും അടുത്ത സിമ്മിടുന്നതോടെ ഫോൺ വീണ്ടും ആക്റ്റീവ് ആകുന്നു. ന്യൂജനറേഷൻ ബന്ധങ്ങൾ അത്രയും തന്നെയേ ഉള്ളൂ. അതുതന്നെയാണ് റോൾ മോഡൽസ് എന്ന ചിത്രത്തിലെ ഗാനവും പറയുന്നത്.

"തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടി പോലെ 

വന്നിട്ടെന്നെ തേച്ചിട്ട് പോയില്ലേ പെണ്ണെ.. 

തേച്ചിട്ട് പോയില്ലേ പെണ്ണെ..

 ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ ഞാന്‍ വടിയായില്ലേ..

പെരുവഴിയായില്ലേ 

തേച്ചില്ലേ പെണ്ണെ.."

ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപീ സുന്ദറിന്റെ സംഗീതം ആണെങ്കിലും ഈ ഗാനം അൽപ്പസ്വൽപ്പം വിവാദങ്ങളിൽ കൂടിയും കടന്നു പോയിരുന്നു. വരികളുടെ ഭംഗിയുള്ള, തികച്ചും ന്യൂ ജനറേഷൻ സംസ്കാരത്തിന്റെ ഭാഗമായ വരികളും സംഗീതവും പക്ഷെ പുതിയ തലമുറയെ സ്വല്പം ഓളത്തിൽ ആക്കുകയും ചെയ്തു എന്നും പറയാതെ വയ്യ. 

രണ്ടു പാട്ടുകളാണ് പൂമരം സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രങ്ങളിൽ പാട്ടിന്റെ പ്രസക്തി അല്ലെങ്കിലും എടുത്ത് പറയേണ്ടതുണ്ട്. പൂമരത്തിലെ രണ്ടു പാട്ടുകളും ഇപ്പോഴും യുവതലമുറയുടെ ചുണ്ടുകളിൽ ഓളമായി പെരുത്ത് നിൽക്കുന്നുമുണ്ട്. അജീഷ് ദാസൻ എന്ന കവിയുടെ ആദ്യ സിനിമാ പ്രവേശമാണ് പൂമരം എന്ന ചിത്രത്തിലെ പാട്ടുകൾ. അതിൽ തന്നെ ആദ്യമായി പുറത്തിറങ്ങിയത് ഈ ഗാനമാണ്,

"കടവത്തൊരു.. തോണിയിരിപ്പൂ...

പാട്ടില്ലാതെ.. പുഴയില്ലാതെ...

അരികത്തൊരു തണ്ടുമിരിപ്പൂ

നാവില്ലാതെ.. നിഴലില്ലാതെ..."

ജയറാമിന്റെ മകൻ കാളിദാസനെ മാസ്റ്റർ കാളിദാസായി കണ്ടവർക്ക് മുന്നിലേക്കാണ് നായകനായി കാളിദാസൻ എത്തുന്നത് എന്നതുകൊണ്ട് തന്നെ കൗതുകവും കാഴ്ചക്കാർക്ക് പൂമരത്തിന്റെ പാട്ടുകളുടെ റിലീസിൽ ഉണ്ടായിരുന്നിരിക്കണം. കഴിഞ്ഞ വർഷം അവസാനമാണ് പൂമരത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങുന്നത്. എപ്പോഴും പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുന്ന പൂമരത്തിൽ പാട്ടുകൾ സവിശേഷ പ്രാധാന്യമുണ്ടെന്ന് തന്നെയാണ് പിന്നാമ്പുറ സംസാരം. ലീല എൽ ഗിരിക്കുട്ടൻന്റെ സംഗീതത്തിൽ കാർത്തിക് ആണ് പാടിയിരിക്കുന്നത്.