കാറ്റ് എന്ന ചിത്രത്തിൽ പി.ഉണ്ണികൃഷ്ണന്‍ പാടുന്നുവെന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതാണ് ഒരു മനോഹരം. പക്ഷേ പാട്ടു മാത്രമല്ല, അതിനൊപ്പമുള്ള ദൃശ്യങ്ങളും അതിമനോഹരമാണ്. തീർത്തും വേറിട്ട ലുക്കിലാണ് നായകൻ ആസിഫ് അലി. കാറ്റിൽ പാറിവന്നൊരു ചെറുപൂവിന്റെ ചേലുണ്ട് ഈ പ്രണയഗാനത്തിന്. നായിക മാനസ ഉണ്ണികൃഷ്ണനും.
ആസിഫ് അലിയും മാനസയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണു പാട്ടിലുള്ളത്. പഴയ സിനിമകളിലും പാട്ടുകളിലും കണ്ടറിഞ്ഞ പോലുള്ളൊരു തനി നാടൻ പ്രണയം. കവി റഫീഖ് അഹമ്മദ് കുറിച്ച വരികൾക്ക് ദീപക് ദേവ് നൽകിയ സംഗീതത്തിനും ആ പ്രണയത്തിന്റെ നിഷ്കളങ്കതയുണ്ട്. പാട്ടിന് മികച്ച പ്രതികരണമാണു യുട്യൂബിലും സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്.
അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ് കാറ്റ്. വിഖ്യാത സംവിധായകൻ പത്മരാജന്റെ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അരുൺ കുമാർ അരവിന്ദ് ഇത്തരം കഥാപാത്ര സൃഷ്ടി നടത്തിയത്.