പോൾ വാക്കറോടുള്ള ഇഷ്ടം. അങ്ങനെ തന്നെ പറയണം ഈ വിഡിയോയുടെ കുതിപ്പിനെ കുറിച്ച്. വേഗതയെ പ്രണയിച്ച നീലക്കണ്ണുള്ള അഭിനേതാവ് പോൾ വാക്കറിന് ആദരമർപ്പിച്ച് ചെയ്ത സീ യൂ എഗെയ്ൻ എന്ന ഗാനമാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ. രസികത്വമുള്ള വരികളും നൃത്തവും കുരുത്തംകെട്ട നോട്ടവുമൊക്കെയായി ദക്ഷിണകൊറിയക്കാരൻ പാട്ടുകാരൻ തയ്യാറാക്കിയ ഗണ്ണം സ്റ്റൈലിനെ കടത്തിവെട്ടിയാണ് ഓർമകളുടെ നൊമ്പരമുള്ള ഈ പാട്ട് ലോകത്തിന്റെ നെറുകയിലെത്തിയത്.
അഞ്ചു വർഷം മുൻപാണ് സൈയുടെ ഗണ്ണം സ്റ്റൈൽ യുട്യൂബിൽ എത്തിയതെങ്കില്‍ വിസ് ഖലീഫയുടെ സീ യൂ എഗെയ്ൻ രണ്ടു വർഷം മുൻപു മാത്രവും. ദുംഖത്തിന്റെ നിശബ്ദതയിൽ നിൽക്കുന്ന സായന്തനത്തിൽ തുടങ്ങി പോൾ വാക്കറിന്റെ ജീവിതം പാടുകയാണ് ഈ പാട്ട്. വിസ് ഖലീഫയുടേതാണ് ആലാപനം. പാടി അഭിനയിക്കുന്നത് ചാർളി പുതും. ജസ്റ്റിൻ ഫ്രാങ്ക്സ്(ഡിജെ ഫ്രാങ്ക്സ്),ചാര്‍ളി പുത്, വിസ് ഖലീഫ, ആന്‍ഡ്ര്യൂ സെഡാർ എന്നിവർ ചേർന്നാണ് വരികൾ കുറിച്ചത്. പോൾ വാക്കറിനെ ലോക പ്രശസ്തനാക്കിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ ഏഴാം പതിപ്പിൽ ഈ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മരണം എത്രമാത്രം നോവുള്ളതാണെന്നും ആ ഓർമകൾ ഒരിക്കലും നമ്മെ വിട്ടകലില്ലെന്നും പറയുന്ന പാട്ട് ലോകം ഒരുപാട് ഇഷ്ടപ്പെടുന്നെങ്കിൽ അതിനു കാരണം ആ നടനോടുള്ള ഇഷ്ടവും പിന്നെ നമുക്കുള്ളിലെവിടെയുള്ള ഇനിയും നഷ്ടപ്പെടാത്ത സ്നേഹസ്പര്‍ശവും കൊണ്ടാണ്.
2,895,373,709 പ്രാവശ്യമാണ് ലോകം ഈ വിഡിയോ കണ്ടത്. സൈയുടെ ഗണ്ണം സ്റ്റൈൽ 2,894,426,475 പ്രാവശ്യവും. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇതാദ്യമായാണ് സൈയ്‍യുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.
ഈ രണ്ട് ഗാനത്തേക്കാൾ വേഗതയിലാണ് സ്പാനിഷ് ഗാനമായ ഡെസ്പാസീറ്റോ യുട്യൂബിൽ കയറിവരുന്നത്. ആറു മാസം കൊണ്ട് 252 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ കണ്ടിരിക്കുന്നത്. സീ യു എഗെയ്നും ഗണ്ണം സ്റ്റൈലും വർഷങ്ങൾ കൊണ്ടു നേടിയത് ഈ പാട്ട് മാസങ്ങൾ കൊണ്ടു നേടുമോയെന്ന് കണ്ടറിയാം. അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. നിലവിൽ യുട്യൂബ് കാണികളുടെ എണ്ണത്തിൽ അഞ്ചാമതാണ് ഈ പാട്ട്.
ജസ്റ്റിൻ ബീബറുടെ സോറി എന്ന പാട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. മാർക്ക് റോൺസമിന്റെ അപ്ടൗൺ ഫങ്ക് ആണ് നാലാമതുള്ളത്. ടെയ്‍ലർ സ്വിഫ്റ്റിന്റെ ഷേക് ഇറ്റ് ഓഫ് ആറാമതും എൻറിക് ഇഗ്ലിയാസിസിന്റെ ബെയ്‍ലാൻഡോ ഏഴാമതും മറൂണ്‍ 5ന്റെ ഷുഗർ എട്ടാമതും കാത്തി പെറിയുടെ റോർ ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ടെയ്‍ലർ സ്വിഫ്റ്റിന്റെ മറ്റൊരു ഗാനമായ ബ്ലാങ്ക് സ്പേസ് ആണ് പട്ടികയിലെ അവസാന ഗാനം.
വലിയ സാമ്പത്തിക ക്രയവിക്രയത്തിന്റെ ഭാഗമാണ് യുട്യൂബ്. ഓരോ ഗാനവും ഓരോ പ്രാവശ്യം യുട്യൂബ് വഴി ആളുകൾ കാണുമ്പോഴും ലോക സാമ്പത്തിക രംഗത്തിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നുണ്ട്.കോടിക്കണക്കിനു രൂപയാണ് ഗാനങ്ങളുടെ സൃഷ്ടാക്കൾ യുട്യൂബ് വഴി നേടുന്നത്.
ലോകം ഏറ്റവുമധികം പ്രാവശ്യം കണ്ട വിഡിയോകളുടെ എണ്ണം(ഇതുവരെയുള്ളത്)
ഗായകർ | പാട്ട് | ഇതുവരെയുള്ള കാണികളുടെ എണ്ണം |
Wiz Khalifa | See You Again (ft Charlie Puth) | 2,895,373,709 |
Psy | Gangnam Style | 2,894,426,475 |
Justin Bieber | Sorry | 2,894,426,475 |
Mark Ronson | Uptown Funk (ft Bruno Mars) | 2,550,545,717 |
Luis Fonsi | Despacito (ft Daddy Yankee) | 2,482,502,747 |
Taylor Swift | Shake It Off | 2,248,761,095 |
Enrique Iglesias | Bailando | 2,232,756,228 |
Maroon 5 | Sugar | 2,150,365,635 |
Katy Perry | Roar | 2,129,400,973 |
Taylor Swift | Blank Space | 2,101,607,657 |