കാപ്പുച്ചിനോ എന്ന ചിത്രത്തിലെ മറ്റൊരു പാട്ടു കൂടി ശ്രദ്ധ നേടുന്നു. ഭാവഗായകൻ പി.ജയചന്ദ്രനും പ്രിയ ഗായിക മഞ്ജരിയും ചേർന്നു പാടിയ പാട്ടിന് നമ്മളേറെ ഇഷ്ടപ്പെടുന്ന പഴയ പാട്ടുകളുടെ ഒരു ചേലുണ്ട്. ഹിഷാം അബ്ദുൽ വഹാബിന്റേതാണ് ഈണം. നവാഗത സംഗീത സംവിധായകർക്കിടയിൽ ശ്രദ്ധേയനായ ഹിഷാമിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണിതെന്നു നിസംശയം പറയാം. എങ്ങനെ പാടേണ്ടു ഞാൻ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ വിനു.വി.ദേശത്തിന്റേതാണ്. കാവ്യ ഭംഗിയുള്ള വരികൾ പി.ജയചന്ദ്രൻ പാടുന്നത് കേൾക്കാൻ അല്ലെങ്കിലും ഒരു പ്രത്യേക ചേലാണല്ലോ.
ജോസിയാണ് പാട്ടിനു ബാസ് വായിച്ചത്. രാജേഷ് ചേർത്തലയുടേതാണു മനോഹരമായ പുല്ലാങ്കുഴൽ വായന. ആനന്ദ് തബലയും കമ്മത്ത് മൃദംഗവും വായിച്ചു. കൊച്ചിൻ സ്ട്രിങ്സ്, ബിജു, ബേണി എന്നിവരാണ് ഈ പ്രണയാർദ്ര ഗാനത്തിന്റെ ഓർക്കസ്ട്രയിലെ മറ്റ് അംഗങ്ങൾ. ആൻ ആമി വാഴപ്പിള്ളിയും ഹിഷാമും ചേർന്നാണ് ബാക്കിങ് വോക്കൽ പാടിയത്. പുതിയ ചിത്രങ്ങളിൽ നിന്നു കേട്ട നല്ലൊരു പാട്ടു തന്നെയാണിത്.
നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോ.സ്കോട്ട് ചാക്കോ ജോൺ ആണു ചിത്രം നിർമിക്കുന്നത്.