പൊലീസിന്റെ ബോധത്തിന് എന്തോ കുഴപ്പമുണ്ട്; ഫ്രീക്കൻമാരെ സംഘടിപ്പിച്ച് ഊരാളിയുടെ പ്രതിഷേധം

പൊലീസ് മർദ്ദനത്തിരയായതിനെ തുടർന്ന വിനായകൻ എന്ന കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ഊരാളി എന്ന സംഗീത സംഘത്തിന്റെ തീർത്തും വ്യത്യസ്തമായ പ്രതിഷേധ പരിപാടി. തൃശൂരിലെ തേക്കിൻകാട് മൈതാനിയിലേക്ക് കേരളത്തിലെ എല്ലാ ചെറുപ്പക്കാരേയും ക്ഷണിക്കുകയാണിവർ. ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ ശരിയുടെ പാതയിൽ നിന്നു കൊണ്ട് പ്രതിഷേധിക്കുവാനാണ് ഊരാളി സംഘം ആഹ്വാനം ചെയ്യുന്നത്. ഈ വരുന്ന ശനിയാഴ്ചയാണ് പരിപാടി. പാട്ടു പാടിയും മധുരം പങ്കുവച്ചും സ്നേഹം പങ്കുവച്ചും ഒത്തുകൂടാം പ്രതികരിക്കാം എന്നാണിവർ പറയുന്നത്. സൗന്ദര്യ ബോധമുള്ള അവനവനിൽ വിശ്വാസമുള്ള ഭാവിയെ കുറിച്ച് സ്വപ്നങ്ങളുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും ഊരാളി സ്വാഗതമരുളുകയാണ്. ബാൻഡിന്റെ ഫ്രണ്ട് സിംഗറായ മാർട്ടിൻ ഫെയ്സ്ബുക്ക് വിഡിയോ വഴിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഇദ്ദേഹം രേഖപ്പെടുത്തി. ഒരു കാരണവുമില്ലാതെ നാടിന്റെ നാളെയായ യുവാക്കളുടെ നട്ടെല്ല് പൊലീസ് ചവിട്ടിയൊടിക്കുന്നുവെങ്കിൽ പൊലീസിന്റെ ബോധത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് അർഥം. മാർട്ടിൻ പറയുന്നു. 

വിനായകനെ പോലെ നിരവധി ചെറുപ്പക്കാരാണ് പൊലീസ് പീഡനങ്ങൾക്ക് ഇരയാകുന്നത്. മാർട്ടിൻ പറഞ്ഞു. ഇതുപോലെ ഒരു കാരണവുമില്ലാതെ പൊലീസുകാരാല്‍ പീഡിപ്പിക്കപ്പെട്ട് മരിക്കുന്ന ചെറുപ്പക്കാർ ഒരുപാടു പേരുണ്ട്. ഇരുണ്ട ചർമ്മമുള്ള പത്തൊമ്പതുകാരൻ മാത്രമായിരുന്നില്ല വിനായകൻ. ഒരു വീടിന്റെ നാടിന്റെ സമൂഹത്തിന്റെ പ്രതീക്ഷയായിരുന്നു. വിനായകൻമാർ ഇനിയും ഒരുപാടു പേരുണ്ട്. കേരളത്തിലെ ചെറുപ്പക്കാരുടെ നടുവ് പൊലീസ് ചവിട്ടിയൊടിക്കുന്നു എന്നു പറയുമ്പോൾ എവിടെയോ എന്തോ ശരിയാകാനുണ്ട് എന്നാണ് അർഥം. ചെറുപ്പക്കാര്‍ മാത്രമല്ല വ്യത്യസ്തരായി നടക്കുന്ന സ്ത്രീകളും ഭിന്നലിംഗക്കാരും ഇതുപോലെ വിവിധ തരത്തിലുള്ള പൊലീസ് പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. പ്രതികരിക്കുക തന്നെ വേണം. അദ്ദേഹം വിഡിയോയിൽ പറഞ്ഞു. പൊലീസിന് ബോധമുണ്ടാകേണ്ടതുണ്ട്. മാർട്ടിൻ പറഞ്ഞു.

സാമൂഹിക വിഷയങ്ങളെ കുറിച്ച് ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടുള്ള ബാൻഡ് ആണ് ഊരാളി. അതു തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. മുടി നീട്ടി വളർത്തിയിട്ടുള്ള മാർട്ടിനെ മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് പൊലീസ് മുൻപൊരിക്കല്‍ അറസ്റ്റ് ചെയ്തതു. സാംസ്കാരിക രംഗത്തു നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് അന്ന് ഇദ്ദേഹത്തെ വിട്ടയച്ചത്. 

Read More: New Films Songs, New Music Videos, Trending videos