പ്രണയാര്‍ദ്രമായ സ്വരമാണ് കാർത്തികിന്. ഇന്നോളം മലയാളത്തിനു വേണ്ടി കാർത്തിക് പാടിയ എല്ലാ ഗാനങ്ങളും നമുക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിലൊരു ഗാനമാണ് പൃഥ്വിരാജ് നായകനായ ആദം ജൊവാനിലുമുള്ളത്. ദീപക് ദേവിന്റേതാണ് സംഗീതം. ലവ് സോങ് എന്നു പേരിട്ട് അതിമനോഹരമായൊരു മെലഡി ഗാനമാണിത്.
ദീപക് ദേവിനു വേണ്ടി താൻ പാടിയ ഏറ്റവും മികച്ച ഗാനമാണ് ആദത്തിലേതെന്നാണ് കാർത്തിക് പറയുന്നത്. ദീപക് ദേവുമായി പത്തു വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ദീപകിന്റെ സ്റ്റുഡിയോയും ഒരുപാട് പ്രിയപ്പെട്ടത്. അതുപോലെ പൃഥ്വിരാജ് പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ ചിത്രത്തെ കുറിച്ച് ഒരുപാട് ആകാംക്ഷയുണ്ടെന്നും കാർത്തിക് പറഞ്ഞു. ബി.കെ ഹരിനാരായണനാണ് ഈ ഗാനം കുറിച്ചത്. നരെയ്ൻ, ഭാവന, രാഹുൽ മാധവ്, മിഷ്ടി ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനു.വി.എബ്രഹാം ആണു രചനയും സംവിധാനവും. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. ബ്രിജീഷ് മൊഹമ്മദ്,ജോസ്മോൻ സൈമൺ, നിഹാൽ എന്നിവർ ചേർന്നാണ് നിർമ്മാണം.