ഒരിക്കലും മറക്കാത്ത കഥകളെപ്പോഴും പറയുന്നൊരു സുഹൃത്തിനെ പോലെയാണു പുഴകളും. ആ പുഴ ഇടയ്ക്കിടെ ചില കൗതുകങ്ങൾ സമ്മാനിക്കും...ഒരു കളിപ്പാട്ടമോ ഇലത്തോണിയോ അല്ലെങ്കിൽ ചിലപ്പോഴതൊരു പാദസരമോ ആയിരിക്കും. ഇവിടെയൊരു മിഞ്ചിയാണയാൾക്കു കിട്ടിയത്. അതൊരു പ്രണയത്തിലേക്കൊരു യാത്രയുടെ തുടക്കവുമായിരുന്നു. ആ മിഞ്ചിയും പിന്നെയീ പാട്ടും പുഴയാഴങ്ങളിൽ നിന്നു കിട്ടിയൊരു പാദസരം പോലെ ഭംഗിയുള്ളതാണ്.
മിഞ്ചി എന്നു പേരിട്ട ഈ സംഗീത ആൽബം മലയാള പ്രേക്ഷകർക്കിടിയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഗ്രാമീണ അന്തരീക്ഷത്തിൽ കഥ പറയുന്ന സംഗീത ആൽബം ഇത്രയും പ്രിയപ്പെട്ടതായത് അതിലെ സംഗീതവും സംവിധാന മികവും കൊണ്ടാണ്. ശ്രുതി ലക്ഷ്മിയുടേതാണ് സംഗീതം. വരുൺ ധാരയാണ് സംവിധാനം. വിഷ്ണു പടിക്കാപ്പറമ്പിലാണ് പാട്ടിനു വരികളെഴുതിയത്. പാടിയത് ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയും ചേർന്നാണ്.
ബദ്രി കൃഷ്ണയും പാർവതി.ആർ.കൃഷ്ണയും ചേർന്നാണ് അഭിനയിച്ചിരിക്കുന്നത്. സംഗീത ആൽബത്തിന് കാവ്യാത്മക ഭംഗി നല്‍കിയത് ഈ അഭിനേതാക്കളുടെയും മികവാണ്. മികച്ച എഡിറ്റിങും കാമറയും സിനിമ ഗാനത്തെ വെല്ലുന്ന പാട്ടാക്കുന്നു മിഞ്ചിയെ. എന്തൊരഴകാണ് ഈ മിഞ്ചിക്കും പാട്ടിനുമെന്നു പറഞ്ഞു പോകുന്നതും അതുകൊണ്ടാണ്.