Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് 11ാം പുരസ്കാരം: തെലുങ്കിൽ റെക്കോർഡിട്ട് കെ.എസ്.ചിത്ര

ks-chithra

കെ.എസ്.ചിത്രയെന്ന സ്വരമാധുരിയെ തേടിയെത്തിയ പുരസ്കാരങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. തെലുങ്ക് ചലച്ചിത്ര സംഗീതത്തിലാണ് ചിത്ര പുതിയ ചരിത്രമെഴുതിയത്. അതും താൻ ഏറെ ആദരിക്കുന്ന എസ്.ജാനകിയെന്ന വിഖ്യാത ഗായികയുടെ റെക്കോർഡും മറികടന്നുകൊണ്ട്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ(നന്ദി അവാർഡ്) മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അവർ. പതിനൊന്നാം പ്രാവശ്യമാണ് ചിത്രയ്ക്ക് ഈ അവാർഡ് ലഭിക്കുന്നത്. 

കൃഷ്ണനെ കുറിച്ച് പാടാൻ ഏറെയിഷ്ടമുള്ള ഗായികയെ തേടി പുരസ്കാരമെത്തിയതും അങ്ങനെയൊരു പാട്ടിനാണ്. മുകുന്ദ എന്ന ചിത്രത്തിലെ ഗോപികാമ്മ എന്ന പാട്ടിനാണ് അവാർഡ് കിട്ടിയത്. മിക്കി.ജെ.െമയെർ സംഗീതം നിർവ്വഹിച്ച ഗാനം എഴുതിയത് സിരിവെണ്ണെല സീതാരാമ ശാസ്ത്രിയാണ്. എസ്.ജാനകിയ്ക്ക് 10 പ്രാവശ്യമാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഈ നേട്ടം ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. ആറു പ്രാവശ്യം ദേശീയ പുരസ്കാരം നേടി ആ വിഭാഗത്തിലും റെക്കോഡുണ്ട്.

തെലുങ്ക് ചലച്ചിത്ര സംഗീതത്തിലെ അതികായൻ എം.എം.കീരവാണി ഈണമിട്ട കലികി ചിലകല(1990) എന്ന പാട്ടിലൂടെയാണ് ആദ്യമായി ഈ പുരസ്കാരം ചിത്രയെ തേടിയെത്തുന്നത്. അതിനു ശേഷം രണ്ടു വർഷങ്ങൾ ഒഴികെ 1999വരെ തെലുങ്കിലെ മികച്ച ഗായിക പട്ടം ചിത്രയ്ക്കു തന്നെയായിരുന്നു. തെലുങ്കിൽ കീരവാണി ഈണമിട്ട ഗാനങ്ങളാണ് അധികവും ചിത്ര പാടിയിട്ടുള്ളതും. 

വിവിധ സംസ്ഥാന സർക്കാരുകളുടെ 34 പുരസ്കാരങ്ങളാണ് കെ.എസ്.ചിത്രയുടെ ആലാപനത്തെ തേടിയെത്തിയത്. 38 വർഷത്തോളമായി സംഗീത രംഗത്തുള്ള കെ.എസ്.ചിത്ര മുപ്പതിനായിരത്തോളം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.