പാട്ടിന്റെ പിറവിയിൽ സംഗീത സംവിധായകർക്കും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം പാട്ടുകാർക്കും പങ്കുണ്ടെന്നു ഗായിക കെ.എസ്. ചിത്ര. പാട്ടിന്റെ റോയൽറ്റിയിൽ തുല്യ അവകാശമില്ലെങ്കിലും പാട്ടുകാർക്കും അവകാശം ഉന്നയിക്കാവുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.
സംഗീത സംവിധായകൻ ഇളയരാജയുമായി ബന്ധപ്പെട്ടുണ്ടായ റോയൽറ്റി വിവാദം സംബന്ധിച്ചായിരുന്നു ചിത്രയുടെ പ്രതികരണം. ഇന്നു കൊച്ചിയിൽ കാൻസർ ക്ഷേമ പദ്ധതിയുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഗാനമേളയിൽ ഇളയരാജ ഉൾപ്പെടെയുള്ളവരുടെ പാട്ടുകൾ പാടുമെന്നും ചിത്ര വ്യക്തമാക്കി. ഗായിക ശ്രേയ ഘോഷാൽ കേരളത്തിലെ ഗായകരുടെ അവസരം ഇല്ലാതാക്കുന്നു എന്ന രീതിയിൽ താൻ എവിടെയും സംസാരിച്ചിട്ടില്ലെന്നും ചിത്ര വ്യക്തമാക്കി. ‘ശ്രേയ മലയാള സിനിമയിൽ കൂടുതലായി പാടുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ മികച്ച ഗായികയായ അവർക്ക് അവസരം ലഭിക്കുന്നതിൽ തെറ്റുപറയാനാകില്ലെന്നും അതിനൊപ്പം നമ്മുടെ ഗായകർക്കും അവസരം നൽകേണ്ടതുണ്ടെന്നുമാണ് ഞാൻ പറഞ്ഞത്. എന്നാൽ തെറ്റായാണ് വാർത്ത പ്രചരിച്ചത്. ഞാൻ അങ്ങനെ പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്നു ശ്രേയ ഘോഷാൽ തന്നെ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്’- ചിത്ര ചൂണ്ടിക്കാട്ടി.