കബാലി സംഗീത സംവിധായകന് വിമാനത്താവളത്തിൽ അപമാനം

രജനീകാന്ത് ചിത്രം, കബാലിയുെട സംഗീത സംവിധായകൻ സന്തോഷ് നാരായണന് വിമാനത്താവളത്തിൽ അപമാനം നേരിടേണ്ടി വന്നു. സിഡ്നി വിമാനത്താവളത്തിലായിരുന്നു സംഭവം. തന്നെ വംശീയമായി അധിക്ഷേപിച്ചെന്നാണ് സന്തോഷ് നാരായണൻ ട്വീറ്റ് ചെയ്തത്. എട്ടു പ്രാവശ്യത്തോളമാണ് തന്നെ മാത്രം വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് സന്തോഷ് നാരായണന്റെ ആരോപണം. 

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ വളരെ പരുഷമായാണ് പെരുമാറിയതെന്നും സന്തോഷ് പറഞ്ഞു. താനൊരു മണ്ടൻ ആണെന്ന നിലയിലായിരുന്നു പെരുമാറ്റം. രാസവസ്്തുക്കൾ എന്തെങ്കിലും കൈവശമുണ്ടോയെന്നായിരുന്നു പരിശോധന. എന്നാൽ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും യാത്രക്കാർക്കു ശുഭകരമായതു മാത്രം സംഭവിക്കണണെന്നാണ് ആഗ്രഹമെന്നുമാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. സന്തോഷിന്റെ ട്വീറ്റിനു മറുപടിയായിട്ടാണ് സിഡ്നി എയർപോർട്ട് എത്തിയത്. മറുപടിയ്ക്കു നന്ദി പറഞ്ഞ സന്തോഷ് വംശീയ വേർതിരിവോടെയുളള സുരക്ഷാ പരിശോധന അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. സർക്കാർ അനുശാസിക്കുന്ന വിധത്തിലാണ്  സുരക്ഷാ പരിശോധന നടത്തിയതെന്ന് വിമാനത്താവള അധികൃതർ പറയുന്നുണ്ടെങ്കിലും സന്തോഷിനെ എട്ടു തവണ പരിശോധനയ്ക്കു വിധേയമാക്കിയത് നിർഭാഗ്യകരമാണെന്നാണ് വിലയിരുത്തൽ. 

രജനിയുടെ അടുത്ത ചിത്രമായ കാലായുടെ സംഗീതവും സന്തോഷാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംഗീതോപകരണങ്ങളുമായി ഓസ്‌ട്രേലിയയിലേക്കു പോയത്. സന്തോഷിന്റെ പക്കലുണ്ടായിരുന്ന കുടിവെള്ളം, കുങ്കുമം എന്നിവ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖർ അപമാനിക്കപ്പെടുന്നത് ഇതാദ്യമായല്ല. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാം, നടൻമാരായ കമൽഹാസൻ, ഷാരുഖ് ഖാൻ തുടങ്ങിയവർക്ക് സമാന അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.