ബി ടൗണിൽ നിന്ന് മറ്റൊരു ഒരു കിടിലൻ ഡാൻസ് നമ്പർ കൂടി എത്തിയിരിക്കുന്നു. ബോളിവുഡിന്റ ബാർബി ഗേളും സല്ലു ഭായിയും ചേർന്നു നൃത്തം ചെയ്ത പാട്ടിനൊപ്പം ഇനി നമുക്കും ചുവടുവയ്ക്കാം. ഗ്ലാമർ ലുക്കിൽ കത്രീന കൈഫും സൽമാന്‍ ഖാനും ആടിപ്പാടിയ സ്വാഗ് കെ സ്വാഗത് എന്ന പാട്ട്. ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ ആദ്യ പാട്ട് താരങ്ങളുടെ ഗ്ലാമറും ഡാൻസും കാരണം ശ്രദ്ധ നേടുകയാണ്. മണിക്കൂറുകൾക്കുള്ളിൽ 12 ലക്ഷം ആളുകളാണ് ഇൗ പാട്ട് കണ്ടത്.
വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ടാണിത്. ഇർഷാദ് കാമിലിന്റേതാണു വരികൾ. വിശാൽ ദദ്‍ലാനിയും നേഹാ ഭാസിനും ചേർന്നാണു പാടിയത്. വൈഭവി മെർച്ചന്റ് ആണ് സൽമാനും കത്രീനയ്ക്കുമായി ഡാൻസ് ചിട്ടപ്പെടുത്തിയത്. കായിക അഭ്യാസവും നൃത്തവുമായി നൂറോളം ജൂനിയർ ആർടിസ്റ്റുകളെയാണ് പാട്ടിൽ അണിനിരത്തിയത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം ആദിത്യ ചോപ്രയാണു നിർമിക്കുന്നത്.