സംഗീത രംഗത്തു നിന്ന് വീണ്ടും വിവാഹമോചന വാര്‍ത്ത. സംഗീത സംവിധായകൻ വിശാൽ ദദ്‍ലാനിയും ഭാര്യ പ്രിയാലിയും വേർപിരിയുന്നു. ഏറെ നാളായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഊഹാപോഹങ്ങൾക്കു വിരാമമിട്ട് വിശാൽ തന്നെയാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്.
ദാമ്പത്യത്തിൽ നിന്നു വേർപിരിയുന്നുവെങ്കിലും എന്നെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് വിശാൽ പറഞ്ഞു. ഒരുപക്ഷേ പണ്ടത്തേക്കാൾ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ ഇപ്പോൾ. പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനമാണിത്. ഞങ്ങൾ രണ്ടു പേരുടേയും കുടുംബങ്ങൾ തമ്മിൽ ഒരുപാട് അടുത്തിടപഴകുന്നുണ്ട്. ആ അടുപ്പം ഇനിയും തുടരും.
തീർത്തും വ്യക്തിപരമായ കാര്യത്തിന് അതേ പരിഗണന കൊടുത്ത് മാധ്യമങ്ങളും പൊതുസമൂഹവും സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് സംഗീതത്തിന്റെ ത്രസിപ്പുള്ള പെന്റാഗ്രാം എന്ന സംഗീത സംഘത്തിലൂടെയാണ് വിശാൽ ദദ്‍ലാനി തന്റെ യാത്ര തുടങ്ങിയത്. ഇന്ത്യൻ സംഗീതത്തെ ലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭകളിലൊരാളാണ് ഇദ്ദേഹം. ശേഖറുമായി ചേര്‍ന്നുള്ള കൂട്ടുകെട്ടിലൂടെ ബോളിവുഡ് സിനിമകളിൽ തീർത്ത പാട്ടുകളെല്ലാം ഏറെ പ്രശസ്തമായി. സുൽത്താൻ എന്ന ചിത്രത്തിനാണ് ഇവർ ഏറ്റവുമൊടുവിൽ സംഗീതം നൽകിയത്.