ചില പാട്ടുകള്‍ കേട്ടിരിക്കുമ്പോൾ മനസിലുള്ളിൽ നിറയുക നോവു മാത്രമാണ്. വരികളുടെയും ഈണത്തിന്റെയും ആലാപനത്തിന്റെയും ആഴം കൊണ്ടു മാത്രമല്ല, ആ പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളും അങ്ങനെയുള്ളതാകും. പാതി എന്ന ചിത്രത്തിലെ ഈ പാട്ട് കാണുമ്പോഴും അങ്ങനെയാണ്. ജോയ് മാത്യുവും ഇന്ദ്രൻസുമാണ് പ്രധാന വേഷത്തിൽ. പാതി വെന്ത മുഖമുള്ള ഇന്ദ്രൻസിനേയും തെയ്യം കെട്ടിയാടുന്ന ജോയ് മാത്യുവിനേയുമാണ് ഈ ഗാനരംഗത്ത് കാണാനാകുക. ദുംഖം മാത്രം നിഴലിക്കുന്ന മുഖവുമായി ഇരുവരും അവർക്കു ചുറ്റുമുള്ളവരും വെള്ളിത്തിരയിൽ ജീവിച്ചു കാണിക്കുകയാണ്. അതുപോലെ ജീവസ്സുറ്റതാണ് ഈ പാട്ടും.
പണ്ഡിറ്റ് രമേശ് നാരായണൻ ഈണമിട്ട ഗാനം പാടിയത് മകൾ മധുവന്തി നാരായണനാണ്. ഹിന്ദുസ്ഥാനി സംഗീതജ്ഞയാണ് മധുവന്തി. മിഴിനീരു പെയ്യുന്ന...മനമേറിയന്നൊരു...എന്നു തുടങ്ങുന്ന വരികളുള്ള പാട്ടിന്റെ അർഥതലങ്ങള്‍ ഉള്ളിലേറ്റിയുള്ള ആലാപനം മനോഹരമാണെന്നു മാത്രമല്ല, വേറിട്ടതുമാണ്.
ലക്ഷ്മണൻ കാഞ്ഞിരങ്ങാടിന്റേതാണു വരികൾ. ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതി.