പണ്ഡിറ്റ് രമേശ് നാരായണൻ സംഗീത സംവിധാനം നിർവ്വഹിച്ച പാതി എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ മക്കൾ തന്നെയാണ്. സംസ്ഥാന അവാർഡ് ജേത്രി കൂടിയായ മധുശ്രീ നാരായണനും സഹോദരി മധുവന്തി നാരായണനും. മെലഡി ഗാനങ്ങളാണ് ഇരുവരും പാടിയിരിക്കുന്നത്. 'മിഴിനീരു പെയ്യുന്ന' എന്നു തുടങ്ങുന്ന പാട്ടാണ് മധുവന്തിയുടെ സ്വരത്തിൽ. 'തേരി ദുനിയ' എന്നൊരു ഹിന്ദി ഗാനമാണ് മധുശ്രീ പാടിയത്. അർഥവത്തായ വരികളും അതുപോലെ മനോഹരമായ ഈണവുമുള്ള പാട്ടുകളെ ശ്രോതാക്കളുടെ ഉളളം തൊടും വിധം ഇരുവരും മനോഹരമായി ആലാപിച്ചിരിക്കുന്നു.
അച്ഛൻ രമേശ് നാരായണന്റെ കീഴിൽ ചെറുപ്പം മുതൽക്കേ സംഗീതം പഠിച്ചു തുടങ്ങിയതാണ് ഇരുവരും. ഇപ്പോള്‍ പിന്നണി ഗാനരംഗത്തും സംഗീത പരിപാടികളിലും സജീവമാണ് മധുശ്രീയും മധുവന്തിയും. അച്ഛനൊപ്പം ലോകമൊട്ടുക്കുള്ള വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്.
ഹിന്ദുസ്ഥാനി കച്ചേരികൾ അവതരിപ്പിക്കുന്ന മധുവന്തി സ്വാതി തിരുനാൾ സംഗീത കോളജിലായിരുന്നു ബിരുദ പഠനം പൂർത്തിയാക്കിയത്. കർണാടിക് സംഗീതം കൂടി സ്വായത്തമാക്കാനായിരുന്നു ബിരുദ പഠനത്തിനെത്തിയതും. ഗപ്പി എന്ന ചിത്രത്തിൽ മധുവന്തി പാടിയ 'തിര തിര' എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു സംസ്ഥാന പുരസ്കാരം നേടിയ വിഷ്ണു വിജയ്‍യെ ആണു മധുവന്തി വിവാഹം കഴിച്ചതും.
മധുശ്രീ പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത് പതിനാറാം വയസിലാണ്. ഈ വിഭാഗത്തിലുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മധുശ്രീ തന്നെ. രമേശ് നാരായണൻ തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച ഇടവപ്പാടി(2015) എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി' എന്ന ഗാനമായിരുന്നു പുരസ്കാരം നേടിക്കൊടുത്തത്. അതേ വർഷം മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും രമേശ് നാരായണനായിരുന്നു.
രാഗങ്ങളുടെ പേരാണ് രമേശ് നാരായണൻ മക്കൾക്കു നൽകിയത്. രാഗാർദ്രമായ ഗാനങ്ങളാണ് ഇതുവരെയും ഇരുവരും ആലപിച്ചതും. കേട്ടാൽ നെഞ്ചിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ. രമേശ് നാരായണന്‍ മലയാള സിനിമയിൽ തീർത്തതും അങ്ങനെയുള്ള പാട്ടുകളാണല്ലോ. മെലഡികൾക്കു ചേരുന്ന മധുരതരമായ സ്വരമുളള ഇരുവരേയും തേടി ഇനിയും ഒട്ടേറെ നല്ല ഗാനങ്ങൾ എത്തുമെന്ന് ഉറപ്പാണ്.