Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈശോയെ സ്നേഹിക്കാൻ ഈ ഗാനങ്ങൾ

crib crib

ക്രിസ്മസിന്റെ കാരൾ ഗാനങ്ങൾ സന്ധ്യയാകുമ്പോൾ മുതൽ മുഴങ്ങി കേൾക്കുന്നുണ്ട്. താളത്തിന്റെ ഭംഗിയുള്ള ആർപ്പു വിളികൾ വേഷപ്പകർച്ചയുടെ ഭംഗി. തിരുപ്പിറവിയുടെ ചില പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു കുഞ്ഞുണരും. പിന്നെയതിനു അന്ന് ബെത്്ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന ഉണ്ണിയുടെ വിശുദ്ധിയും ആർദ്രതയും കൈവരും. ഈശോയുടെ സ്നേഹം നിറഞ്ഞ വരികളിൽ സ്വയം മനുഷ്യരായി പരിവർത്തനപ്പെടുത്തും.

ചില കാലങ്ങൾ ചില അവതാരങ്ങൾക്കു വേണ്ടി പറഞ്ഞു വച്ചവയാണ്. ആ വാതിലുകൾ മലർക്കെ തുറക്കുകയേ വേണ്ടൂ... അഗാധമായ സ്നേഹത്തിന്റെ ചൂട് വെളിച്ചം ഉരുകി ഹൃദയത്തിലേക്ക് വീഴുകയായി.

"വാതിൽ തുറക്കൂ നീ കാലമേ

കണ്ടൊട്ടെ സ്നേഹ സ്വരൂപനെ

കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്

പ്രാർഥിച്ച യേശു മഹേശനെ"

സംഗീത സാന്ദ്രമായ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിന് വേണ്ടി ബോംബെ രവിയുടെ സംഗീതത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾക്ക് ചിത്രയുടെ മധുര ശബ്ദം കൂടി ചേരുമ്പോൾ ഒരു നിത്യ ശാന്തതയിലേക്ക് നാം നമ്മെ പകർത്തി വയ്ക്കപ്പെടുന്നു. എവിടെയോ പിറന്ന ഉണ്ണി ഈശോയുടെ സ്മരണകളിൽ സ്വയംഅലിഞ്ഞു അവൻ പാടുകയായിരുന്നു. സംഗീതം ഉള്ളിലിരുന്നു അലയടിക്കുമ്പോൾ അതെങ്ങനെ പുറത്തേക്ക് ഒഴുക്കി വിടും എന്നറിയാതെ ശ്വാസം മുട്ടി നിൽക്കുമ്പോഴാണ് പള്ളിയിലെ ആ ദിവ്യ മണികൾ മുഴങ്ങുന്നത്. അവിടെ തുടങ്ങുകയായിരുന്നു അവന്റെ സംഗീതം. കാലം വാതിൽ തുറന്നത് ഉണ്ണി ഈശോയുടെ തിരു പിറവിലേക്ക് മാത്രമായിരുന്നില്ല, ഈ ഗാനത്തിലൂടെ അവന്റെ ജീവിതത്തിലേയ്ക്കുമായിരുന്നിരിക്കണം.

"സത്യനായകാ മുക്തി ദായകാ

പുല്‍ത്തൊഴുത്തിന്‍ പുളകമായ

സ്നേഹ ഗായകാ....ശ്രീ യേശുനായകാ....",

യേശുദാസിന്റെ ശബ്ദത്തിലൂടെ സത്യത്തിന്റെ ശബ്ദം ഒഴുകി വരുന്നു. നിശബ്ദതയിൽ മുഴുകി നിൽക്കുന്ന അൾത്താരയുടെ മുന്നിൽ ആരാധകരുടെ സങ്കടങ്ങളും ആനന്ദങ്ങളുമുണ്ട്. ഈശോയുടെ കഥകൾ കേട്ട് അലിഞ്ഞു പോകുന്ന ഹൃദയത്തിൽ നിന്നും അവർ പിന്നീട് അവരുടെ സങ്കടങ്ങളെ എവിടെ വച്ചോ മറന്നു പോകുന്നു. 1979 ലാണ് ജീവിതം ഒരു ഗാനം എന്ന സിനിമ പുറത്തിറങ്ങുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം എസ് വിശ്വനാഥന്റെ സംഗീതം അഭൗമമായ ശക്തി നൽകി. ഇപ്പോഴും ഭക്തി ഗാനങ്ങളിൽ വളരെ മുൻപിൽ തന്നെ ഈഗാനവും ഇടം പിടിച്ചിട്ടുണ്ട്.

എവിടുന്നോ വന്നു ചേർന്ന ഒരാൾ അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറുന്നു. എത്ര കരുതലോടെയാണ് ചില സംഭവങ്ങൾ ജീവിതത്തിൽ വന്നുകൂടുന്നതെന്നു ഓർമ്മിപ്പിക്കാറുണ്ട് ചില നിമിഷങ്ങൾ.

"ദേവദൂതർ പാടി

സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ

ചൂടിയാടും നിലാവിൽ"

വയലിനിസ്റ്റായ സംഗീത സംവിധായകൻ വയലിനിസ്റ്റായ സിനിമയിലെ നായകന് വേണ്ടി തീർത്ത സംഗീതം കാലവും കടന്നു ഇപ്പോഴും മുഴങ്ങി കേൾക്കുന്നു. ക്രിസ്മസിന്റെ ആഘോഷങ്ങളുടെ ഒരു മുഖം ഉള്ള ഗാനമാണ് "കാതോട് കാതോരം" എന്ന മമ്മൂട്ടി സിനിമയിലെ ഈ പാട്ട്. കുഞ്ഞു കുട്ടികളുടെ നൃത്തത്തിന്റെയും പിന്നണിയിലെ സ്നേഹത്തിന്റെ ഒലിവില പാട്ടുകളുടെയും കൂട്ടം, ക്രിസ്മസ് മധുരം പകർന്നു നൽകുന്നതാണ്.

ക്രിസ്മസ് ആയിക്കഴിഞ്ഞാൽ പിന്നെ കാരൾ വരുന്നതിനുള്ള ഒരു കാത്തിരിപ്പുണ്ട്. രണ്ടാഴ്ച മുൻപ് തന്നെ തുടങ്ങും ആഘോഷങ്ങളുടെ മേളക്കൊഴുപ്പ്. സാന്താക്ലോസിന്റെ വേഷം അണിഞ്ഞു വെളുത്ത താടിയും ചുവന്ന ഉടുപ്പുമായി വരുന്ന അപ്പൂപ്പന്മാരെ കുഞ്ഞുങ്ങൾക്ക് വലിയ ഇഷ്ടമാണ്. എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ കൊണ്ടാണ് സാന്താ അപ്പൂപ്പൻ വരുന്നതെന്ന തോന്നലിൽ കുട്ടികളും മുതിർന്നവരും കാത്തിരിക്കും. ചിലപ്പോൾ പാതിരാവിലാകും അവരെത്തുക, പിന്നെ ആർപ്പു വിളികളും പൂത്തിരി കത്തിക്കലും എല്ലാമാണ്.

"ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ

കമ്പിത്തിരി മത്താപ്പോ

മനസ്സേ ആസ്വദിക്കു ആവോളം"

പ്രാർഥനകൾക്കൊടുവിൽ പിന്നെ ആ രാവ് എത്തുകയായി. സ്നേഹത്തിന്റെ വാക്കുകൾ കാറ്റ് പോലെ ഒഴുകി എത്തുകയായി. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരികളും ഒക്കെയായി മനസ്സിനെ ആഘോഷിക്കാൻ അവസരമൊരുക്കുന്ന നിമിഷങ്ങൾ നഷ്ടമാക്കേണ്ടതില്ലല്ലോ. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമല്‍ദേവ്‌ സംഗീതം നൽകിയിരിക്കുന്നു. നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രം മലയാളിയുടെ എല്ലാവിധങ്ങളായ ഭാവങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരുന്നു.

ലോകത്തെ സംരക്ഷിച്ച എന്റെ നാഥ എന്റെ ആത്മപ്രകാശനം നീയല്ലയോ! ആത്മാവിൽ എരിഞ്ഞു കത്തുന്ന തീയുടെ ചൂട് എനിക്ക് താങ്ങുവാനാകുന്നില്ല, നീയേ കയ്യേൽക്കണേ! ഉള്ളിലെ സങ്കടങ്ങളെല്ലാം അൾത്താരയുടെ മുന്നിൽ ചെന്ന് നിന്ന് പാട്ടിന്റെ വരികളിലൂടെ പറയുമ്പോൾ അത് കേൾക്കുന്നവനും കുരിശിൽ കിടന്നു അതിലും വലിയ സങ്കടക്കടൽ താണ്ടുന്നവനായി മുന്നിൽ കാണുന്നു. ഞാൻ അനുഭവിച്ചതൊക്കെ എന്ത് എന്ന കണ്ടെത്തലിൽ എത്തുന്നതോടെ അതിജീവിക്കാനുള്ള നാളുകൾ. ആത്മചൈതന്യം നിറഞ്ഞ സ്നേഹത്തിന്റെ പ്രകാശം പിന്നെ നിറയുന്നു

"വിശ്വം കാക്കുന്ന നാഥാ.......

വിശ്വൈക നായകാ......

ആത്മാവിലെരിയുന്ന തീയണക്കൂ

നിൻ ആത്മ ചൈതന്യം നിറയ്ക്കൂ "

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ ഏറ്റവും ഹൃദയത്തിൽ തൊടുന്ന ഗാനവും രംഗങ്ങളും. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം. യേശുദാസിന്റെ ശബ്ദത്തിൽ എത്തുമ്പോൾ അതിൽ ആ സ്നേഹം അതിരറ്റു പെയ്യുന്ന അനുഭവം. ഇടയൻ കൈവിട്ട കുഞ്ഞാടിനെ പോലെ അലയുന്ന ഹൃദയവുമായി നിൽക്കുമ്പോൾ ഉള്ളിലെപ്പോഴും ഈ ഗാനമുണ്ടാകാറുണ്ട് പലർക്കും. പക്ഷെ അപ്പോഴേക്കും കിട്ടുന്ന ചില ചെറിയ ആനന്ദങ്ങളിലേക്ക് ആ തിരുരൂപം നമ്മെ നയിക്കും. ക്രിസ്മസിന്റെ സന്ദേശവും അതല്ലാതെ മറ്റെന്താണ്!