മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ സ്ഫടികം സിനിമയും അതിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനവും അത്ര പെട്ടെന്നു നമുക്ക് മറക്കാനാകില്ല. അന്നും ഇന്നും തരംഗമായ ആ ഗാനം അമ്മ മഴവില്ലിന്റെ വേദിയിൽ പുനരാവിഷ്ക്കരിക്കപ്പെടുകയും ചെയ്തു. 23 വർഷങ്ങൾക്കു മുമ്പിറങ്ങിയ ചിത്രത്തിലെ ആടു തോമ എന്ന കഥാപാത്രമായി വേദിയിലെത്തി മോഹൻലാൽ കാഴ്ചക്കാരെ അമ്പരിപ്പിച്ചു.
മോഹൻലാലും സിൽക്ക് സ്മിതയും ചേർന്ന് അഭിനയിച്ച ഏഴിമല പൂഞ്ചോല അമ്മ മഴവില്ലിന്റെ വേദിയിലെത്തിയപ്പോൾ ലാലേട്ടനൊപ്പമെത്തിയത് പ്രിയ നായിക ഇനിയയാണ്. കാലവും പ്രായവും കടന്നു പോയിട്ടും അതിന്റെ മാറ്റങ്ങളൊന്നുമില്ലാതെ മോഹൻലാൽ ആരാധകരെ കയ്യിലെടുത്തു. മഹാനടന്റെ ഒപ്പം പതർച്ചകളില്ലാതെ ഇനിയയും നൃത്തം ചെയ്തതോടെ സദസ്സ് ഉത്സവലഹരിയിലായി. സിനിമയിലെ അതെ കോസ്റ്റ്യൂംസ് അണിഞ്ഞാണ് മോഹൻലാലും ഇനിയയും വേദിയിലെത്തിയത്.
ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
പരിപാടിയിലെ മമ്മൂട്ടിയുടെ ഡാൻസ് കണ്ട ആരാധകരും അല്ലാത്തവരും പരസ്പരം പറയുന്നത് മറ്റൊന്നുമല്ല. ‘ഇൗ പ്രായത്തിലും എന്നാ ഒരിതാ’. ഡാൻസ് വഴങ്ങില്ലെന്ന ആരോപണം പല തവണ കേട്ടിട്ടുള്ള മമ്മൂട്ടി പ്രായത്തെ വെല്ലുന്ന എനെർജിയോടെ വേദിയെ കയ്യിലെടുത്തു. മോഹൻലാൽ ഡാൻസ് ചെയ്യുന്നത് സാധാരണമാണെങ്കിൽ മെഗാസ്റ്റാറിന്റെ ഡാൻസും അതു ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യവും അസാധാരണമാണ്.
ജയറാം, സിദ്ദിഖ്, മനോജ് കെ. ജയൻ, മുകേഷ്, ഹണി റോസ് എന്നിവർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ മിന്നും പ്രകടനം. ‘വേനാ മച്ചാ വേനാ ഇന്ത പൊണ്ണുങ്ക കാതല്’ എന്ന അടിപൊളി ഡപ്പാംകൂത്ത് പാട്ടിനൊപ്പം മെഗാസ്റ്റാറും കൂട്ടരും കൈമെയ് മറന്ന് നൃത്തം ചവുട്ടി. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്നെസ്സാണെന്ന് പലരും പറയാറുണ്ടെങ്കിലും കൂടെയുള്ളവർ ഗ്ലാസ് അണിഞ്ഞെത്തിയപ്പോൾ മമ്മൂട്ടി ഇത്തവണ അതുപേക്ഷിച്ചു.
ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ആദ്യമായി ഒരു സ്റ്റേജ് ഷോയിൽ ദുൽക്കർ നൃത്തം അവതരിപ്പിക്കുന്നതും അമ്മ മഴവില്ലിന്റെ വേദിയിലാണ്. ഹണി ബീ 2–വിലെ ‘ചേമന്തി ചേലും കൊണ്ടേ’ എന്ന ഗാനത്തിന് ചുവടു വച്ചാണ് ദുൽക്കർ നൃത്തം ആരംഭിച്ചത്. പിന്നാലെ മെർസൽ, ചാർലി, സഖറിയയുടെ ഗർഭിണികൾ, റെമോ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്കായി താരം നൃത്തം ചെയ്തു.
വെള്ളത്തൊപ്പി വച്ച് വെള്ള ടീ ഷർട്ടും കറുത്ത ജീൻസും വെള്ള ഷൂസുമണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് ദുൽക്കർ എത്തിയത്. നടിമാരായ ഇഷ തൽവാറും മൈഥിലിയും പരിപാടിയുടെ ചില ഭാഗങ്ങളിൽ താരത്തിനൊപ്പം ചുവടു വച്ചു. പല സമയത്തും സ്ത്രീകൾ ഉൾപ്പടെയുള്ള ആരാധകർ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു നിന്ന് തങ്ങളുടെ ആവേശം പങ്കു വച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ അതേ കയ്യടിയും ഹർഷാരവവും യുവതാരമായ ദുൽക്കറിനും ലഭിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണയെ അടയാളപ്പെടുത്തുന്നതായി.
കാര്യവട്ടത്ത് മെയ് 6–ന് നടന്ന ഷോയിൽ മമ്മൂട്ടി മോഹൻലാൽ ദുൽക്കർ എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം. മൂവരുടെയും ഒന്നിച്ചുള്ള സ്കിറ്റും ഡാൻസുമൊക്കെ വലിയ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. അമ്മ മഴവില്ല് മെഗാ ഷോ മഴവിൽ മനോരമ അടുത്ത് തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.