പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗായിക സിതാര. കൊല്ലപ്പെട്ട കെവിൻ എന്ന യുവാവിന്റെ ഭാര്യയുടെ അഭിമുഖത്തിനു താഴെ ആളുകൾ ഇട്ടിരിക്കുന്ന കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് സിതാരയുടെ പ്രതികരണം. എല്ലാ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ ചിന്തയും ഒരേ ആവേശവുമാണെന്നും മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നുവെന്നും സിതാര പറയുന്നു.
‘കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളിൽ ചിലതാണിവ ! ഭൂരിപക്ഷവും ഇത്തരം അഭിപ്രായങ്ങളാണ് !! അറപ്പുളവാക്കുന്ന ഭാഷയിൽ ഈ വൃത്തികേടുകൾ വിളിച്ചു പറയുന്നവർക്കിടയിൽ എന്തൊരു മതസൗഹാർദം ,എല്ലാ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ ചിന്ത ,ഒരേ ആവേശം !!! മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നു !!’ സിതാര കുറിച്ചു. വിഡിയോയുടെ താഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും പെൺകുട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു.
കമന്റിട്ടവരുടെ പേരുകൾ മറച്ച ശേഷമാണ് സിതാര സ്ക്രീൻ ഷോട്ടുകൾ പങ്കു വച്ചത്. ഇതു ചോദ്യം ചെയ്തവരോട് സിതാര പറഞ്ഞ മറപുടി ഇങ്ങനെയായിരുന്നു. ‘പേരുകൾ മറച്ചതിൽ അമർഷം കൊള്ളുന്നവരുടെ ശ്രദ്ധയ്ക്ക് !!! വെളിപ്പെടുത്തുകയാണെങ്കിൽ ഈ ഇനത്തിൽപ്പെട്ട സകലതുങ്ങളുടെയും പേരുകൾ പറയണം ,അതിൽ ചിലപ്പോൾ നിങ്ങളുടെ വേണ്ടപെട്ടവരും ഉണ്ടായേക്കാം !!! തോന്ന്യാസം പറയുന്നതിൽ വല്യ പറച്ചിൽ/ ചെറിയ പറച്ചിൽ അങ്ങനെ വേർതിരിവൊന്നും ഇല്ല!! ഇനി പേരുകണ്ടേ അടങ്ങൂ എന്ന് നിർബന്ധമാണെങ്കിൽ ,ആ വീഡിയോയുടെ ചുവടെ കാണാം ,പോയി നോക്കി തൃപ്തി അടയാവുന്നതാണ് !! അല്ലാതെ എന്റെ ചെയ്തിയിലെ ശരികേടും പറഞ്ഞു വരരുത് പ്ലീസ് !!! ഇതൊക്കെ കണ്ട് പ്രാന്ത് എടുത്ത് നിൽക്കാണെ !’.