ബിഗ്ബി എന്ന സിനിമയിലെ മരണമാസ് ബിജിഎമ്മാണ് ഗോപി സുന്ദർ എന്ന സംഗീതസംവിധായകന് മലയാള സിനിമയിൽ വഴിത്തിരിവായി മാറിയത്. ‘യോ ബിഗ്ബി യോ ബിഗ്ബി’ എന്ന ടൈറ്റിൽ ഗാനം അന്നും ഇന്നും മലയാളികൾക്കിടയിൽ സൂപ്പർഹിറ്റായി നില കൊള്ളുന്ന ഒന്നാണ്.
ബിഗ്ബിക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ഗോപി സുന്ദറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സിനിമയിറങ്ങി 10 വർഷങ്ങൾക്കിപ്പുറം ഗോപി മലയാളത്തിലെ മുൻനിര സംഗീതസംവിധായകരിലൊരാളാണ്. മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന പുതിയ ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നതും ഗോപി തന്നെയാണ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
മമ്മൂട്ടി മറ്റെല്ലാർക്കും ഉള്ളതു പോലെ തനിക്കും ഒരു വികാരമാണ് എന്ന് ട്രെയിലർ ലോഞ്ച് വേദിയിൽ വച്ച് ഗോപി പറഞ്ഞു. ആ വികാരം ഒരിക്കൽ താൻ പ്രകടപ്പിച്ചത് ബിഗ്ബിയിലൂടെയാണെന്നും അത് തനിക്കൊരു ബ്രേക്ക് ആയിരുന്നുവെന്നും ഗോപി പറഞ്ഞു. പിന്നീടാണ് ആരും ആവശ്യപ്പെടാതെ തന്നെ ഗോപി ബിഗ്ബിയിലെ ആ സൂപ്പർഹിറ്റ് ടൈറ്റിൽ സോങ് ആലപിച്ചത്. റാപ് ശൈലിയിലുള്ള ഗാനം അനായാസം അദ്ദേഹം പാടി. പാട്ടു തുടങ്ങിയതോടെ സദസ്സ് ആവേശത്തിലായി. ആർപ്പുവിളികളും ആരവവും നിറഞ്ഞതോടെ ട്രെയിലർ ലോഞ്ച് വേദിയിൽ ഉത്സവപ്രതീതിയായി. എല്ലാം കണ്ടാസ്വദിച്ച് മെഗാസ്റ്റാർ സദസ്സിലെ തന്റെ ഇരിപ്പിടത്തിലുണ്ടായിരുന്നു.