മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. ജീവിതത്തേയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയേയും ചേര്‍ത്തുനിര്‍ത്തി മുന്‍പോട്ടു പോകാന്‍ ആ ഓര്‍മ്മകളോളം ഊർജം പകരുന്ന മറ്റൊന്നുമില്ല.
‘വിവാഹവാർഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം.’ ഗായകനും സംഗീതസംവിധായകനുമായ ബിജിബാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇൗ കുറിപ്പിലും ഇൗ ഉൗർജമാണ് പ്രകടമാകുന്നത്. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് ബിജിബാലിന്റെ പോസ്റ്റ്. ഇന്നാണ് ഇരുവരുടെയും വിവാഹവാർഷികം. ഇന്നു തന്നെയാണ് ലോകസംഗീത ദിനമെന്നത് മറ്റൊരു യാദൃശ്ചികത.
ബിജിബാലിന്റെ ഭാര്യ ശാന്തി മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ‘മയീ മീനാക്ഷി’ എന്നൊരു വിഡിയോ ബിജിബാൽ ഒരുക്കിയിരുന്നു. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്.