മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. ജീവിതത്തെയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയെയും ചേര്‍ത്തുനിര്‍ത്തി മുന്‍പോട്ടു പോകാന്‍ ആ ഓര്‍മ്മകളോളം ഊർജം പകരുന്ന മറ്റൊന്നുമില്ല.
ഗായകനും സംഗീതസംവിധായകനുമായ ബിജിബാൽ ഇന്നലെ പുറത്തിറക്കിയ ഒരു ഗാനത്തിലും ഇൗ ഉൗർജമാണ് പ്രകടമാകുന്നത്. വിട പറഞ്ഞ തന്റെ പ്രിയതമ ശാന്തിക്കൊപ്പം ഒരു ഗാനം. അതും ഇരുവരുടെയും വിവാഹവാർഷികദിനത്തിൽ. അന്നു തന്നെയാണ് ലോകസംഗീത ദിനമെന്നത് മറ്റൊരു യാദൃശ്ചികത. ‘ശരദിന്ദു മലർദീപ’ എന്നുള്ള ശാന്തിയുടെ ശബ്ദത്തിനൊപ്പം അതേ വരികൾ ബിജിബാലും ആലപിച്ചു. ഒരു സംഗീതഞ്ജന് ഇതിലും ഭംഗിയായി എങ്ങനെയാണ് തന്റെ ഭാര്യയെ ഒാർക്കാനാകുക. കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നാം. പക്ഷെ എന്നോ ശാന്തി പാടി റെക്കോർഡ് ചെയ്തു വച്ച ആ ഗാനം ബിജിബാൽ തന്റേതായ രീതിയിൽ പുനരവതരിപ്പിച്ചു. ഏറെ ഭംഗിയോടെ അതിലേറെ മനോഹാരിതയോടെ.
ബിജിബാലിന്റെ ഭാര്യ ശാന്തി മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ‘മയീ മീനാക്ഷി’ എന്നൊരു വിഡിയോ ബിജിബാൽ ഒരുക്കിയിരുന്നു. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്.