Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഓ പുഷ്പമേ'...ലോകം ഏറ്റുപാടുന്നു ഈ കശ്മീരി ഗാനം

kashmiri

എഴുപത് വർഷങ്ങൾക്കിപ്പുറം ഒരു കശ്മീരി ഗാനം നെഞ്ചേറ്റിയിരിക്കുകയാണ് ലോകം. താഴ്‌വരയിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ സ്നേഹവും വിഘടനം കശ്മീരി ജനതയെ എങ്ങനെയെല്ലാം ബാധിച്ചു എന്നതുമാണ് ഗാനത്തിന്റെ പ്രമയം. കശ്മീരി വിപ്ലവ കവി അഹമ്മദ് മെഹ്ജൂർ രചിച്ച കവിത വര്‍ഷങ്ങൾക്കിപ്പുറം നാടോടി ഗാനത്തിന്റെ താളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്

കോക്ക് സ്റ്റുഡിയോ എക്സ്പ്ലോററാണ് 'ഹാ ഗുലോ' എന്ന പേരിൽ ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. 'ഓ പുഷ്പമേ'.. എന്നാണ് 'ഹാ ഗുലോ' എന്ന പദത്തിന് അർഥം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഈ ഗാനം യുട്യൂബിൽ കണ്ടത്. കശ്മീരി നാടോടി ഗായകൻ മുഹമ്മദ് അൽത്താഫ് മിർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ മുസാഫറാബാദിലാണ് മിർ ജീവിക്കുന്നത്. റേഡിയോ പാക്കിസ്ഥാനിലെ ബ്രോഡ്കാസ്റ്റർ കൂടിയാണ് അദ്ദേഹം. 'ഖസമീർ' എന്ന പേരിൽ മ്യൂസിക് ബാന്റും നടത്തുന്നുണ്ട് മിർ. പരമ്പരാഗ കശ്മീരീ സംഗീതോപകരണങ്ങളായ സാരംഗിയും കശ്മീരി തുമ്പക്നരിയുമാണ് ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

പുതുമയും പഴമയും ഒരുപോലെ ഒത്തിണങ്ങിയതാണ് ഗാനം. അതുകൊണ്ടു തന്നെ  തലമുറഭേദമില്ലാതെ ആസ്വാദകർ  ഈ ഗാനം നെഞ്ചേറ്റിയിട്ടുണ്ട്. പ്രശസ്ത കശ്മീരി ഗായകൻ മുനീർ അഹമ്മദ് മിറിന്റെ വാക്കുകളിങ്ങനെ. ഇന്നലെ ഈ ഗാനം കേൾക്കാനിടയായി. കാശ്മീരിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന ഗാനമായതു കൊണ്ട് ആഗോളതലത്തിൽ തന്നെ ഈ ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. പാരമ്പര്യ സംഗീതത്തെ പ്രണയിക്കുന്നവരെല്ലാം ഈ ഗാനം ഇഷ്ടപ്പെടുമെന്നും  അഹമ്മദ് മിർ പറഞ്ഞു. ഭിന്നതകൾക്കപ്പുറം കശ്മീരിലെ സമാധാനം ആഗ്രഹിക്കുന്നവർ ഈ ഗാനത്തെ സ്നേഹിക്കുമെന്നാണ് വിവിധ തലമുറയിൽപ്പെട്ട ആസ്വാദകരുടെ അഭിപ്രായം. മാത്രമല്ല, കശ്മീരി സംഗീതം ആഗോള ശ്രദ്ധയില്‍പ്പെടുത്താനും ഈ ഗാനം മൂലം സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനങ്ങൾക്കിടയിലെ അതിർ വരമ്പുകളെ ഇല്ലാതാക്കും ഈ ഗാനമെന്നാണ് ആസ്വാദകരുടെ പ്രതീക്ഷ.