കുഞ്ഞുങ്ങൾക്കായി താരാട്ടു പാടാത്ത അച്ഛനമ്മമാർ ഉണ്ടാകില്ല. അങ്ങനെ ഒരു അച്ഛനാണ് തമിഴ് സൂപ്പർ സ്റ്റാർ കാർത്തിയും . മകള്‍ക്കായി പാടുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്യുന്ന ഒരു സാധാരണ അച്ഛൻ. ചെന്നൈയിലെ ഒരു പുരസ്കാര വേദിയിലായിരുന്നു മകൾക്കായി കാർത്തി ഒരു പാട്ട് പാടിയത്.
നിരവധി അഭിമുഖങ്ങളിലും വേദികളിലുമെല്ലാം കാർത്തി പാട്ടുപാടി കേട്ടിട്ടുണ്ട്. മകൾക്കായി ഒരു പാട്ടുപാടാമോ എന്ന് അവതാരകൻ കാർത്തിയോട് ചോദിച്ചു. കാർത്തിയുടെ മറുപടി ഇങ്ങനെ. 'അവളെപ്പോഴും പറയും. അച്ഛാ ഒരു പാട്ട് പാടിതരൂ. എനിക്ക് വേഗം ഉറക്കം വരും. അപ്പോൾ ഞാൻ എന്റെ അച്ഛൻ അഭിനയിച്ച പാട്ട് അവളെ പാടി കേൾപ്പിക്കും'.
'കനാകാണും കൺകൾ'.. എന്ന ഗാനമാണ് കാർത്തി മകൾക്കായി പാടിയത്. ശിവകുമാർ അഭിനയിച്ച് 1982ല്‍ പുറത്തിറങ്ങിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലെ ഗാനമാണ് 'കനാകാണും കൺകൾ'.
ഒടുവിൽ വേദിക്ക് മുന്നിലിരുന്ന അച്ഛന്‍മാർക്കായി കാർത്തിയുടെ ഉപദേശം. അച്ഛൻമാരായി കഴിയുമ്പോൾ മൊബൈൽ ഉപയോഗമൊക്കെ കുറച്ച് ദിവസേന ഒരുമണിക്കൂറെങ്കിലും മക്കൾക്കായി ചിലവഴിക്കാൻ തയ്യാറാകണമെന്നും കാർത്തി പറഞ്ഞു.