ലക്ഷ്മി സിനിമയുടെ ഷൂട്ടിങ് സമയത്ത് പ്രഭുദേവ കരയിച്ചെന്ന് ദിത്യ ബാന്ദെ. ചിത്രത്തിൽ കരയുന്ന ഒരു സീനുണ്ട്. ആ സീൻ എങ്ങനെ ചെയ്യണമെന്നറിയാതെ നിന്നപ്പോൾ പ്രഭുദേവ ശരിക്കും കരയിക്കുകയായിരുന്നു എന്ന് ദിത്യ പറഞ്ഞു
സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ അനുഭവത്തെ പറ്റി ദിത്യ പറയുന്നത് ഇങ്ങനെ. 'പ്രഭുസാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കാരണം അദ്ദേഹം ഒരു വലിയ ഡാൻസർ ആണ്. പിന്നെ എന്റെ ഹെയർ സ്റ്റൈൽ വലിയ ഇഷ്ടമായിരുന്നു. എപ്പോഴും മുടി തട്ടിക്കളിക്കും. കരയുന്ന ഒരു സീനുണ്ടായിരുന്നു സിനിമയിൽ. അതെങ്ങനെ ചെയ്യുമെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മയും അമ്പരന്നു. എങ്ങനെയാണ് കരയുക. അപ്പോൾ പ്രഭു സർ പറഞ്ഞു. നീ ചെറുതായി കരഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം. ആ സീൻ പ്രഭുസാറും കരയുന്നതായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. അദ്ദേഹം ഒരു കപ്പ് കേക്ക് എന്റെ നേരെയെറിഞ്ഞു. അത് ആ സീനിന്റെ ഭാഗമായിരുന്നു. അങ്ങനെ ആ സീൻ ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമാക്കാൻ പ്രഭുസർ സഹായിച്ചു'.
പ്രഭുദേവ വളരെ നിശബ്ദനായ വ്യക്തിയാണ്. കാരണം അദ്ദേഹം സ്വന്തം ജോലിയിൽ അത്രയും സമർപ്പണ ബോധമുള്ള ആളാണ്. പക്ഷെ, എന്നോട് വലിയ കാര്യമായിരുന്നു. തെറ്റുകൾ വരുമ്പോൾ അദ്ദേഹം മനസിലാക്കി തരുമായിരുന്നു. പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്യുകയെന്നത് ഏത് നർത്തകരുടെയും ആഗ്രഹമാണ് അത് സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുകയാണെന്നും ദിത്യ പറഞ്ഞു.
സുപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിത്യ ബാന്ദെയെ ലോകം അറിയുന്ന്. ഈ പ്രകടനം കണ്ട പ്രഭുദേവ തന്നെയാണ് എ എൽ വിജയിന്റെ പുതിയ ചിത്രം ലക്ഷ്മിയിലേക്ക് ദിത്യയെ നിർദ്ദേശിച്ചത്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ലക്ഷ്മി.