അൻപത്തിയഞ്ചു വർഷം തികയുന്നു മലയാളിയുടെ ഈ സ്വകാര്യ അഹങ്കാരത്തിന്. കെ.എസ്. ചിത്ര. നേരിട്ട് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം പ്രിയപ്പെട്ട ചിത്ര ചേച്ചി. ദിവസത്തിൽ ഒരിക്കലെങ്കിലും ചിത്രയുടെ പാട്ടുകേൾക്കാത്ത സംഗീത ആസ്വാദകർ കുറവായിരിക്കും. രാപകലുകളിലെല്ലാം ആസ്വാദകരെ സ്പർശിച്ച ആ വാനമ്പാടിക്ക് ഇന്ന് അൻപത്തിയഞ്ചാം പിറന്നാൾ.
തലമുറകൾക്ക് അതീതമാണ് എന്നും ചിത്രയുടെ ഗാനങ്ങൾ. യേശുദാസിനൊപ്പം മലയാളി ആദ്യം ചേർത്തുവെക്കുന്ന പേരും കെ.എസ്. ചിത്രയുടേതാണ്. മലയാളിക്ക് മഞ്ഞള്‍ പ്രസാദത്തിന്റെ നൈർമല്യവും ഇന്ദുപുഷ്പം ചൂടിയ രാത്രിയുടെ മനോഹാരിതയുമാണ് കെ.എസ്. ചിത്ര.
പാട്ടിനെ സ്നേഹിച്ച ഒരു അച്ഛന്റെയും അമ്മയുടെ മകളാണ് ചിത്ര. 1963 ജൂലൈ 27ന് തിരുവനന്തപുരം കരമനയിലായിരുന്നും ജനനം. അച്ഛൻ കരമന കൃഷ്ണന്‍ നായർ. നന്നായി പാടുന്ന ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അമ്മ ശാന്തകുമാരി. മകളുടെ സംഗീതത്തിനായി ജീവിതത്തിന്റെ പകുതിയിലേറെയും മാറ്റി വച്ച ആ അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചിരുന്ന ചിത്രയെ സിനിമയുടെ വിശാല ലോകത്തേക്കു കൈപിടിച്ചു നടത്തിയത് എം.ജി. രാധാകൃഷ്ണനാണ്.
അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച് എം.ജി. രാധാകൃഷ്ണൻ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. മലയാളത്തിൽനിന്ന് ആ വാനമ്പാടി ചേക്കേറിയതു തമിഴകത്തേക്ക്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഗാനങ്ങളായിരുന്നു ചിത്രയെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായികയാക്കിയത്. സിന്ധുഭൈരവിയിലെ 'പാടറിയേൻ' എന്ന ഒറ്റഗാനത്തിലൂടെ തമിഴകത്തിന്റെ മനംകവർന്നു ചിത്ര.
എത്രകേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങളാണ് ചിത്ര ആസ്വാദകർക്കു സമ്മാനിച്ചത്; വ്യത്യസ്ത ഭാഷകളിൽ, വിവിധ കാലങ്ങളിൽ. ചിത്രയ്ക്കു പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് സംഗീത ലോകം. പ്രിയപ്പെട്ട ചിന്നക്കുയിലിനു പിറന്നാൾ ആശംസകൾ എന്നാണ് ഗായിക സുജാത ഫെയ്സ്ബുക്കിൽ കുറിച്ചത്.
സുജാതയുടെ മകളും ഗായികയുമായ ശ്വേതാ മോഹൻ ഫെയ്സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ- ‘നമ്മുടെ വാനമ്പാടി ചിത്രചേച്ചിക്ക് മനോഹരമായ പിറന്നാൾ’. കലാ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും ചിത്രയ്ക്ക് ആശംസയുമായി എത്തി.
ആറു ദേശീയ പുരസ്കാരങ്ങളും 15 സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സർക്കാർ ഒമ്പതു പ്രാവശ്യവും തമിഴ്നാട് നാലു പ്രാവശ്യവും കർണാടക മൂന്നു പ്രാവശ്യവും ഒഡിഷ സർക്കാർ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങൾ കുറവാണ്. അങ്ങനെ, ആസ്വാദക ഹൃദയത്തിൽ വർഷങ്ങളായി പൊഴിയുന്ന നറുനിലാവായി ചിരിക്കുന്നു ചിത്ര.