ഒരു പക്ഷെ, ഞങ്ങൾ പിരിഞ്ഞേനെ: എ ആർ റഹ്മാൻ

വിവാഹത്തെയും  പങ്കാളിയെയും കുറിച്ച് ഓരോ വ്യക്തിക്കും ചില സങ്കൽപ്പങ്ങൾ കാണും. അങ്ങനെയുള്ള വ്യക്തിയായിരുന്നു എ ആർ റഹ്മാനും. വിവാഹത്തിനു മുൻപു തന്നെ പരസ്പരം മനസിലാക്കണം. നേരത്തെ തന്നെ സ്വന്തം രീതികൾ ഭാര്യയെ അറിയിച്ചതു കൊണ്ടാണ് ഇപ്പോഴും ഒരുമിച്ചു ജീവിക്കുന്നതെന്ന് എ ആർ റഹ്മാൻ പറയുന്നു. 

റഹ്മാന്റെ വാക്കുകൾ ഇങ്ങനെ. 'വിവാഹത്തിനു മുൻപു തന്നെ ഞാൻ സൈറയോട് എന്റെ രീതികളെ കുറിച്ച് പറഞ്ഞു. അങ്ങനെ ഒരു സംസാരം ഉണ്ടായില്ലെങ്കിൽ ഒരു പക്ഷെ, ഞങ്ങൾ നേരത്തെ പിരിയുമായിരുന്നു'. മുൻകൂട്ടി തീരുമാനിച്ച ഒരു വിരുന്നിൽ പങ്കെടുക്കേണ്ടി വന്നാലും, ഒരു പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നാൽ അതിനായിരിക്കും മുൻഗണന നൽകുകയെന്ന് വിവാഹത്തിനു മുൻപെ സൈറയോട് പറഞ്ഞിരുന്നതായും റഹ്മാൻ വ്യക്തമാക്കി. 

വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാൻ മുന്നോട്ടു വച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇതായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കൽപങ്ങൾ. ആദ്യത്തെ രണ്ടുകാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതായിരുന്നു. എന്നാൽ മൂന്നാമത്തെ നിബന്ധന മനസ്സിലാക്കാൻ അൽപം പ്രയാസമാണ്. അതായിരുന്നു റഹ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും. 

അങ്ങനെ ഒരു ദിവസം പള്ളിയിൽ പ്രാർഥനാ നിർഭരയായി നിൽക്കുന്ന ഒരു പെൺകുട്ടിയെ  കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹർ ആയിരുന്നു അത്. തുടർന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹർ വിവാഹിതയാണെന്ന് അറിഞ്ഞു.

ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെയായിരുന്നു വിവാഹം. സൈറ അധികം ക്യാമറയ്ക്ക് മുന്നിൽ വരാറില്ല. റഹ്മാന്റെ പ്രൊഫഷണൽ ജീവിതത്തിൽ അവർ കാര്യമായി ഇടപെടാറില്ല. പക്ഷെ, റഹ്മാന്റെ വിജയങ്ങൾക്ക് പിന്നിൽ സൈറയുടെ അകമഴിഞ്ഞ പിന്തുണയാണെന്ന് നിസ്സംശയം പറയാം.