ഗസൽ പോലെ ഉമ്പായിയുടെ ജീവിതം

ഉമ്പായി എന്ന പേര് മലയാളിക്ക് സുപരിചതമാണ്. വീണ്ടും പാടാം സഖീ... പാടുക സൈഗാള്‍ പാടൂ തുടങ്ങി ഉമ്പായിയുടെ ഇരുപതോളം ആല്‍ബങ്ങള്‍ നെഞ്ചേറ്റി വാങ്ങുകയായിരുന്നു നാം മലയാളികള്‍. 'മലയാളത്തില്‍ ഗസലോ..?' എന്ന് പുച്ഛത്തോടെ ചോദിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് ആ ആല്‍ബങ്ങളെല്ലാം വില്‍പനയില്‍ പുതുചരിത്രങ്ങളായി. മലയാളവും ഉറുദുവും ഹിന്ദിയും എന്നു വേണ്ട ഉംബായിയുടെ സ്വരമാധുരിയിലൂടെ, ആ ഉച്ചാരണത്തിലൂടെ പുറത്തുവന്ന ഗസലുകളെല്ലാം നമുക്ക് പുത്തന്‍ അനുഭവമായിരുന്നു. ഗസല്‍ എന്ന സംഗീതശാഖയ്ക്ക് നമ്മുടെ നാട്ടില്‍ സ്വീകാര്യത ലഭിക്കുന്നതില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചത് ഉമ്പായിയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

അന്യൂനവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. ചുമട്, കള്ളക്കടത്ത്, ഗുണ്ടായിസം തുടങ്ങി അദ്ദേഹം കടന്നുപോകാത്ത ജീവിതാനുഭവങ്ങളില്ല. സംഗീതവും ഗുണ്ടായിസവും ഒരേപോലെ വഴങ്ങുന്ന സിനിമയിലെ നായകരെ നാം കണ്ടിട്ടുണ്ട്. അതേ, ഉംബായിയുടെ ജീവിതാനുഭവങ്ങള്‍ വളരെ മുമ്പേതന്നെ മുഖ്യധാര തിരക്കഥാകൃത്തുകള്‍ സിനിമിലേക്കവലംബിച്ചിട്ടുമുണ്ട്. 

എന്നാല്‍ ഒരു സിനിമാക്കഥയെപ്പോലും അതിശയപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം. ഒരുപാടു കാലാകരന്‍മാര്‍ക്കു ജന്‍മം നല്‍കിയ കൊച്ചിയുടെ സംഗീതചരിത്രം രേഖപ്പെടുത്തുക കൂടിയാണ് ഈ പുസ്തകത്തില്‍. താന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഈ ദേശം തന്നതാണ് എന്ന് ഓരോ താളിലും ഉമ്പായി പറഞ്ഞുവയ്ക്കുന്നുണ്ട്. മെഹബൂബ് ഭായിയുടെ സംഗീതയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാനായതാണ് തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് ഉമ്പായി ആമുഖത്തില്‍ പറഞ്ഞിരുന്നു. കെട്ടകാലത്തിന്റെ മണിമുഴക്കം നാം കേട്ടുതുടങ്ങിയിരിക്കുന്നു. ഇന്ന് സമൂഹത്തില്‍ നിറഞ്ഞാടുന്ന മൃഗീയ പ്രവണതകള്‍ക്കും, മ്യൂല്ല്യച്ച്യുതികള്‍ക്കുമുള്ള കാരണങ്ങളില്‍ പ്രധാനം നമ്മുടെ സ്വന്തം സംഗീതം നമ്മില്‍ നിന്നും അന്യമാകുന്നത് തന്നെയാണ്. 

പാടുന്നത് കണ്ഠത്തിലൂടെ മാത്രമല്ലെന്നും, ശരീരാവയവങ്ങള്‍ നന്നായി ചലിപ്പിക്കുക കൂടി വേണമെന്ന പുതിയ സന്ദേശത്തിന് ഇന്ന് വ്യാപകപ്രചാരം ലഭിച്ചിരിക്കുന്നു. പാട്ട് കേട്ട് ആസ്വദിക്കുന്നതില്‍നിന്നും കണ്ട് ആസ്വദിക്കുന്നതിലേക്ക് വഴി മാറിയിരിക്കുന്നു. സമൂഹത്തില്‍ പരക്കെ വ്യാപിച്ചിട്ടുള്ള ഈ കൂരിരുട്ടില്‍ നിന്നുള്ള മോചനത്തിന് ആദ്യം വേണ്ടത് നമ്മില്‍നിന്നും അകലുന്ന നമ്മുടെ സംഗീതത്തെ തിരിച്ചുകൊണ്ടുവരികയെന്നതാണെന്ന് ഉമ്പായി പറയുന്നു. വലിയ വീടുകളിലെ അകത്തളങ്ങളിലും ശീതികരിച്ച മുറികളിലുമിരുന്ന് ഉന്നതന്മാരും വിദ്യാസമ്പന്നരും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന 'ഗസലി' നെ സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ഉമ്പായിയുടെ ശ്രമം വിജയത്തിലെത്തുകതന്നെ ചെയ്തു. ആ ശ്രമത്തിന്റെ കഥയാണ് രാഗം ഭൈരവി എന്ന ഉംമ്പായിയുടെ ആത്മകഥ നമ്മോടു പറയുന്നത്.