എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും കലാലയ ഓർമകൾ. അവിടെ ചിലവഴിച്ച നാളുകളും ഓരോ സന്ദർഭങ്ങളും മനസിൽ മായാതെ നിലനിൽക്കുന്നവയാകും. ചിതലരിക്കാത്ത കലാലയ ഓർമകളുടെ ചുവടുപിടിച്ച്, പുതിയ ഒരു ഉദ്യമവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ.
മുൻവർഷങ്ങളിൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയ ഒരുകൂട്ടം എൻജിനീയർമാരുടെ സംരംഭമാണ് 'ഓർമകളിൽ' എന്ന ഓഡിയോ സിഡി. ഏഴു ഗാനങ്ങളാണ് സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയവും വിരഹവും സൗഹൃദവും നിറയുന്നതാണ് ഗാനങ്ങൾ. എഴുത്തുകാരനും മുന്‍ ഐഎഎസ് ഓഫീസറുമായ കെ ജയകുമാർ ഗാനങ്ങളുടെ പ്രകാശനം നിർവഹിച്ചു

വിദേശത്ത് മെക്കാനിക്കൽ എഞ്ചിനീയറാണ് അനിൽ എബ്രഹാം ആണ് സിഡിയുടെ നിർമാണം. സഹപാഠിയായ ബിജു പരമേശ്വരാണ് ഗാന രചന. എഞ്ചിനീയർമാരായ സജീവ് എസ്, അഖിലേഷ് എം കെ, അഭിലാഷ് വി , ദീപ എസ്, ദിവ്യ നായർ എന്നിവരാണ് ഗായകർ. ശിവപ്രസാദ് ദാമോദരനാണ് സംഗീതം.
എഞ്ചിനീയറിംഗ് മേഖലയിലെ കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരമൊരു ഉദ്യമത്തിന്റെ പിന്നിൽ എന്ന് നിർമാതാവായ അനിൽ എബ്രഹാം പറഞ്ഞു. സിഡി വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ പത്തു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.