ഗായിക മഞ്ജുഷയുടെ മരണം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

എറണാകുളം കാലടിയിലുണ്ടായ വാഹനാപകടത്തിൽ ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു. മിനിലോറി സ്കൂട്ടറിലിടിച്ചു കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. 

റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷയെ കേരളം അറിയുന്നത്. ഗായിക എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായിരുന്നു മഞ്ജുഷ.  സംഗീതവും നൃത്തവും ഒരുമിച്ചു കൊണ്ടു പോകുന്ന കലാകാരിയായിരുന്നു മഞ്ജുഷ എന്നു ഗായകൻ സന്നിദാനന്ദൻ അനുസ്മരിച്ചു. വ്യക്തി ബന്ധങ്ങൾക്കു പ്രാധാന്യം നല്‍കുന്ന ആളായിരുന്നു മഞ്ജുഷ.  ഈ മരണം വിശ്വസിക്കാനാകുന്നില്ല. നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും സന്നിദാനന്ദൻ പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷയെ പരിചയപ്പെട്ടതെന്നു ഗായകൻ അനൂപ് ശങ്കർ പറഞ്ഞു. പിന്നീടു കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിൽ മഞ്ജുഷയ്ക്കൊപ്പം പാടിയിട്ടുണ്ട്. നല്ലൊരു കലാകാരിയെ ആണ് നമുക്കു നഷ്ടമായതെന്നു അനൂപ് ശങ്കർ കൂട്ടിച്ചേർത്തു. കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാർഥിനിയായിരുന്നു മഞ്ജുഷ.