ശാരീരിക വെല്ലുവിളി തടസമല്ല; വീണ്ടും ബിബിന്റെ തകർപ്പൻ ഡാൻസ്

'ഒരു പഴയ ബോംബുകഥ'യിലെ 'ഹാല് ഹാല്' എന്ന ഗാനത്തിനു വീണ്ടും ചുവടുവച്ച് ചിത്രത്തിലെ താരങ്ങളായ ബിബിനും പ്രയാഗാ മാർട്ടിനും. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു ഇരുവരുടെയും പ്രകടനം. ശാരീരിക വെല്ലുവിളി ഒന്നിനും തടസമാകില്ലെന്നു ഒരിക്കൽ കൂടി വേദിയിൽ തെളിയിക്കുകയായിരുന്നു ബിബിൻ. 

ബിബിന്റെ ഒരു കാലിനു സ്വാധീന കുറവുണ്ട്. എന്നാൽ ഇതു വകവെക്കാതെ തകർപ്പൻ പ്രകടനമായിരുന്നു ബിബിൻ  സിനിമയിൽ കാഴ്ച വച്ചത്. 'ഹാല് ഹാല്' എന്ന ഗാനത്തിലെ ബിബിന്റെ ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. അഫ്സലാണ് ഗാനം ആലപിച്ചത്. അരുൺ രാജിന്റെതാണ് സംഗീതം. 

'ചെറുപ്പം മുതൽ സിനിമാ മോഹം മനസിലുണ്ട്. എന്നാൽ, ആ മോഹത്തെ പറ്റി ഒരിക്കൽ പറഞ്ഞപ്പോൾ ചിലര്‍ പരിഹാസത്തോടെ ചിരിക്കുമായിരുന്നു. പക്ഷെ, ആ മോഹം ഞാൻ ഉപേക്ഷിച്ചില്ല. ഒടുവിൽ ഷാഫിക്ക എന്റെ ആഗ്രഹം സാധിച്ചു തരികയായിരുന്നു. എന്നെ വച്ച് ഒരു സിനിമയെടുക്കാൻ അദ്ദേഹം കാണിച്ച ധൈര്യം വലുതാണ്. അതിൽ നന്ദിയുണ്ട്. മാത്രമല്ല, ഇത് എന്റെ കഥയല്ല. ബിഞ്ചു ജോസഫ്, സുനിൽ കർമ എന്നീ രണ്ടു പേരാണ് എനിക്കു വേണ്ടി ഈ കഥ എഴുതിയത്. ഈ പാട്ടിന്റെ സീൻ എടുത്തു കൊണ്ടിരുന്നപ്പോൾ ഒരു സ്റ്റെപ്പ് തെറ്റി. അപ്പോൾ ആത്മവിശ്വാസം പോയി. പിന്നെ കുട്ടിക്കാലത്തെ ഓർമകൾ മനസിലേക്കു വന്നു. അപ്പോൾ ഞാൻ ഷാഫിക്കയോടു കരഞ്ഞു പറഞ്ഞു. എന്നെക്കൊണ്ടു ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല. പറ്റില്ല, നീ തന്നെ ചെയ്യണമെന്നു ഷാഫിക്ക നിർബന്ധം പറഞ്ഞു. അങ്ങനെയാണു ബാക്കി ചെയ്തത്.' ബിബിൻ പറഞ്ഞു. 

ബിബിന്റെ അഭിനയ മികവു കൊണ്ടാണ്  നായകനാക്കാൻ തീരുമാനിച്ചതെന്നു ഷാഫി പറഞ്ഞു. 'ഒരു പഴയ ബോംബു കഥ'യുടെ വിശേഷങ്ങളുമായാണ് ഷാഫിയും പ്രയാഗ മാർട്ടിനും ബിബിനും എത്തിയത്.