Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിന്റെ വാക്കുകൾ; ഈറനണിഞ്ഞ് എസ്പിബിയുടെ കണ്ണുകൾ

spblal

എസ്.പി. ബാലസുബ്രഹ്മണ്യത്തോടുള്ള സ്നേഹവും ആദരവും  പ്രകടിപ്പിച്ച് മോഹൻലാൽ. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിലായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. എസ്പിബിയോടൊപ്പം ഒരു ഗാനം ആലപിക്കുന്നതിനു മുൻപായിരുന്നു മോഹൻലാലിന്റെ ആദരപ്രസംഗം. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: ‘എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അറിയാം. അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമവരിക ത്യാഗരാജ സ്വാമികളുടെ കീർത്തനമാണ്. എന്തോരു മഹാനുഭാവുലു.എസ്പിബി എന്ന ഹ്യൂമൻ ബീയിങ്ങിനെ കുറിച്ചാണ് എനിക്കു സൂചിപ്പിക്കാനുള്ളത്. കറ തെല്ലും പുരളാത്ത ആത്മാവ്, പാടുമ്പോൾ അങ്ങേയറ്റത്തെ ശാന്തതയുള്ള മുഖം. നമുക്കു വിശ്വസിക്കാൻ പറ്റാത്ത ഗാനാലാപനം. അങ്ങേക്ക് എന്റെ നമസ്കാരം’. നല്ല വാക്കുകളോടെ മോഹൻലാൽ എസ്പിബിക്കു മുന്നിൽ തലകുനിച്ചപ്പോൾ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

16 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു ഗിന്നസ് റെക്കോഡിൽ ഇടം നേടിയ എസ്പിബി. പാടിയ ചില ഗാനങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇനിയും ഒരുപാടു ഗാനങ്ങൾ സമ്മാനിക്കാൻ ആയുസ്സും ആരോഗ്യവും അദ്ദേഹത്തിനുണ്ടാകട്ടെ എന്നും മോഹൻലാൽ ആശംസിച്ചു. 

എസ്പിബിക്ക് ശേഷം മോഹൻലാൽ എം.ജി. ശ്രീകുമാറിനെയും റിമി ടോമിയെയും വേദിയിലേക്കു സ്വാഗതം ചെയ്തു. തുടർന്ന്, എസ്.പി. ബാലസുബ്രഹ്മണ്യം, മോഹൻലാൽ, എം.ജി. ശ്രീകുമാർ, റിമി ടോമി എന്നിവർ ചേർന്ന് എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ 'ഊട്ടിപ്പട്ടണം' ആലപിച്ചു വേദിയെ ആവേശത്തിലാക്കി.