പുതുകേരളത്തിനായി ഗായകർ; പ്രകീർത്തിച്ച് മുഖ്യമന്ത്രി

നവകേരള നിർമാണത്തിനായി പുതിയ ഗാനവുമായി കലാകാരൻമാർ. 'നൊമ്പരമെഴുതിയ മഴയേ' എന്നു തുടങ്ങുന്നതാണു ഗാനം. കെ.എസ്. ചിത്രയും ഹരിഹരനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ജോയ് തമലത്തിന്റെ വരികൾക്കു റോമി റാഫേലാണു സംഗീതം നൽകിയിരിക്കുന്നത്. 

കേരളം നേരിട്ട പ്രളയക്കെടുതിയും അതിജീവനവുമാണു ഗാനത്തിന്റെ പ്രമേയം. മിയ, വിധു പ്രതാപ്, സയനോര ഫിലിപ്, രാജലക്ഷ്മി, രവിശങ്കർ, നയന നായർ, നജീം അർഷാദ് എന്നിവരും ഗാനത്തിൽ അണിനിരക്കുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ ജീവിതവും, പുനരധിവാസ പ്രവർത്തനങ്ങളും സേനയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളും കോർത്തിണക്കിയാണു ഗാനം. 

നവകേരളം പടുത്തുയർത്താനായി നമുക്ക് ഒന്നായി അണിചേരാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളോടെയാണു ഗാനം തുടങ്ങുന്നത്. ഗാനം പങ്കുവച്ചുകൊണ്ടു മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: 'സമാനതകളില്ലാത്ത ദുരന്തകാലത്തെ സമാനതകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും നൽകിയ ജനകീയ കൂട്ടായ്മയിൽ നിന്നുള്ള ഊർജ്ജവും ആർജവവുമാണ് ഈ നാടിന്റെ അതിജീവനം. ചരിത്രത്തിലെ ഏതുതരം പുനർനിർമിതികൾക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്നവുമുണ്ട്. നിസ്വാർത്ഥമായ ആത്മാർത്ഥതയുണ്ട്. പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിർത്തെഴുന്നേൽക്കുന്ന നമ്മുടെ നാടിന്റെ പുനർരചനയ്ക്കായി പ്രിയപ്പെട്ട കലാകാരന്മാർ ഒത്തു ചേർന്ന ഈ ഗാനം ഊർജം പകരട്ടെ. പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ'.