പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായഹസ്തവുമായി എ.ആർ. റഹ്മാൻ. ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റഹ്മാൻ സംഭാവനയായി നൽകിയത്. അമേരിക്കയിലെ സംഗീത യാത്രയ്ക്കിടെയാണ് റഹ്മാൻ സംഭാവന നൽകിയത്.
വടക്കെ അമേരിക്കയിൽ നടത്തിയ സംഗീത പരിപാടിയിൽ നിന്നു ലഭിച്ച പ്രതിഫലമാണ് റഹ്മാൻ കൈമാറിയത്. നേരത്തെ ഓക്ലാന്റിൽ നടത്തിയ സംഗീത പരിപാടിയിൽ കേരളത്തിലെ പ്രളയ ദുരിതം ലോകത്തെ അറിയിച്ചുകൊണ്ട് റഹ്മാൻ ഗാനം ആലപിച്ചിരുന്നു. 'മുസ്തഫാ മുസ്തഫാ' എന്ന ഗാനത്തിന്റെ വരികൾ മാറ്റിപ്പാടിയാണു പ്രളയദുരിതം ലോകത്തെ അറിയിച്ചത്. 'കേരളാ കേരളാ ഡോണ്ട് വറി കേരളാ' എന്നായിരുന്നു റഹ്മാൻ പാടിയത്.
കേരളത്തിനായി ഒരുകോടി നൽകുന്നതിന്റെ ചിത്രം റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചു. കേരളത്തിലെ സഹോദരങ്ങൾക്കായി ഒരു ചെറിയ സഹായം എന്ന കുറിപ്പോടെയാണ് റഹ്മാൻ ചിത്രം പങ്കുവച്ചത്. നേരത്തെ മറ്റുപല ദക്ഷിണേന്ത്യൻ താരങ്ങളും കേരളത്തിനായി സഹായം നൽകിയിരുന്നു.