വേദന മുഴുവൻ ആവാഹിച്ച് വിജയലക്ഷ്മി; 'കസു'വില്‍ ഗാനം

‘മറന്നുവോ പൂമകളേ’ എന്ന ഗാനം 'കസൂ'വിൽ വായിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ഗാനത്തിന്റെ ശോകഭാവം മുഴുവൻ ആവാഹിച്ചാണു വിജയലക്ഷ്മിയുടെ വായന. ഗാനത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പങ്കു വച്ചത്. 

വിഡിയോ പങ്കുവച്ച് എം. ജയചന്ദ്രൻ കുറിച്ചത് ഇങ്ങനെ: ‘പ്രിയപ്പെട്ട വിജി എത്ര മനോഹരമായാണ് എന്റെ ‘മറന്നുവോ പൂമകളേ’ എന്ന ഗാനം അവളുടെ പ്രിയപ്പെട്ട സംഗീതോപകരണമായ കസൂവിൽ വായിച്ചത്. അസാമാന്യമായ കഴിവുള്ള സംഗീതജ്ഞയാണ് വിജി. സംഗീതത്തോട് അവൾ കാണിക്കുന്ന ആത്മാർഥത വളരെ വലുതാണ്. തലമുറകൾക്കും സംസ്കാരങ്ങൾക്കും അതീതമായി മാറും അവളുടെ സംഗീതം.’ 

2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലേതാണ് ‘മറന്നുവോ പൂമകളേ’ എന്ന ഗാനം. യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ.

വിസിൽ പോലുള്ള ഒരു സംഗീതോപകരണമാണ് കസൂ. ചൈനയിൽ നിന്നാണ് ഇതിന്റെ വരവ്. മൂളിപ്പാട്ടു പാടുമ്പോൾ ഈ സംഗീതോപകരണം ചുണ്ടിൽ വച്ചാൽ മറ്റൊരു ശബ്ദത്തിൽ കേൾക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.