സൂപ്പർ ഫോർ മത്സര വേദിയിൽ മത്സരാർഥിയോടു പരിഭവം പറഞ്ഞ് ഗായിക സുജാത. പരിപാടിയുടെ എലിമിനേഷൻ വേദിയിലായിരുന്നു സുജാത മത്സരാർഥി ആയിരുന്ന അഞ്ജലിയോടു തനിക്കു പരിഭവമുണ്ടെന്നു പറഞ്ഞത്. സുജാതയുടെ ടീമിൽ നിന്നും മൂന്നു പേരാണു എലിമിനേഷനായി എത്തിയത്. അതിൽ രണ്ടുപേർ സംഗീത പരിപാടിയില്‍ തുടരുകയും ഒരാൾ പുറത്താകുകയും ചെയ്തു.
മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ട അഞ്ജലിയോടു സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'അഞ്ജലി, മോളുടെ മലർക്കൊടിപോലെ, മൈനാകം, ഒരുസനം പോലെയുള്ള പാട്ടുകൾ ഒരുപാടു നല്ല മൊമെന്റ്സ് നൽകിയിട്ടുണ്ട്. ആ പാട്ടുകളൊക്കെ മാജിക്കൽ ആയിരുന്നു. സ്വപ്നസുന്ദരി പാടിയപ്പോൾ ഇത് അൽപം മുൻപാകാമായിരുന്നു എന്നു വരെ തോന്നി. പിന്നെ, അഞ്ജലിയോടു മാത്രം എനിക്കു ചെറിയ കംപ്ലെയിന്റ് ഉണ്ട്. ഇനിയും ആ ഇൻഹിബിഷൻ എന്ന സാധനം വിട്ടുവരുന്നില്ല. അപ്പടി പോട് എന്നു രണ്ടുപേരും ചേർന്നു പാടിയ പാട്ടിൽ നല്ലമാർക്കു വാങ്ങാമായിരുന്നു അഞ്ജലിക്ക്. അഞ്ജലി ആ ഗാനം കുറച്ചുകൂടി നല്ലതാക്കിയിരുന്നെങ്കിൽ നിങ്ങളുടെ ടോട്ടൽ മാർക്ക് തന്നെ കൂടുമായിരുന്നു. വാൻമേഘം എന്ന ഗാനം കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു. എങ്കിലും ആദ്യത്തേതിൽ നിന്നും ഒരുപാടു നല്ലമാറ്റങ്ങൾ പാട്ടിൽ ഉണ്ടായിട്ടുണ്ട്. അഞ്ജലിയുടെ പാട്ട് ഷാനിനു വലിയ ഇഷ്ടമാണ്. കൂടുതൽ സിനിമകളിൽ പാട്ടുകൾ പാടാനുള്ള അവസരം അഞ്ജലിക്ക് ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. കൂടാതെ പാട്ട് നന്നായി പഠിക്കുകയും വേണം. അഞ്ജലിയെ ഞങ്ങൾക്കു മിസ് ചെയ്യും.' സുജാത കണ്ഠമിടറി പറഞ്ഞു
എലിമിനേഷൻ എന്നത് വിധികർത്താക്കളെ സംബന്ധിച്ച് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പരമാവധി ആത്മാർഥമായി ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിക്കുന്നതായും സുജാത പറഞ്ഞു. നന്നായി പാടാത്തതുകൊണ്ടല്ല ചിലര്‍ എലിമിനേറ്റ് ആകുന്നത്. സ്വാഭാവികമായും മാർക്ക് കുറയുന്ന ഒരാൾ പുറത്താകും. അതിനർഥം അവർ മോശമായ ഗായകരാണെന്നല്ല. പരിപാടിയിൽ ഇത് അനിവാര്യമായതുകൊണ്ടാണു എലിമിനേഷൻ നടത്തുന്നതെന്നും സുജാത കൂട്ടിച്ചേർത്തു.