ആരാധകരുടെ പ്രിയതാരങ്ങളാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിൽ പിറന്നാൾ ദിനത്തിൽ പ്രിയങ്ക നിക് ജോനാസിനു നൽകിയ സമ്മാനമാണ് ആരാധകരുടെ ചർച്ചാവിഷയം.
കാലിഫോർണിയയിൽ ആയിരുന്നു നിക് ജോനാസിന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചും സ്നേഹം പങ്കുവച്ചും പ്രിയങ്കയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം നിക് പിറന്നാൾ ആഘോഷിച്ചു. ഹാപ്പി ബർത്ത്ഡേ ബേബി എന്ന കുറിപ്പോടെ നിക്കിനു പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള റൊമാന്റിക് ഫോട്ടോയും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹ നിശ്ചയം. മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽ വച്ചായിരുന്നു ചടങ്ങ്. 'ഭാവിയിലെ മിസിസ്സ് ജോനാസ്' എന്ന് പരിചയപ്പെടുത്തിയാണ് നിക് ജോനാസ് പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രിയങ്കയാകട്ടെ 'ഹൃദയവും ആത്മാവും സമർപ്പിക്കുന്നു' എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ചത്.
ഇരുവരുടെയും വിവാഹം പെട്ടന്നുതന്നെ ഉണ്ടാകുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇരുവരും വിവാഹം എന്നാണെന്നു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പ്രതികരണം. പ്രിയങ്കയ്ക്കും നിക് ജോനാസിനും അവർ ഏറ്റെടുത്ത നിരവധി ജോലികൾ ചെയ്തു തീർക്കാനുണ്ട്. അതിനു ശേഷമായിരിക്കും വിവാഹമെന്നും മധു ചോപ്ര പറഞ്ഞു.