പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.
ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലഭാസ്കർ ഗുരുതരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഹൈവേ പട്രോളിങ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂരിൽ ക്ഷേത്രദർശനത്തിനുശേഷം മടങ്ങിവരികയായിരുന്നു ബാലഭാസ്കറും കുടുംബവുമെന്നു പൊലീസ് പറഞ്ഞു. അമിത വേഗമാണ് അപകടകാരണമെന്നാണു പൊലീസ് നിഗമനം.
ബാലഭാസ്കറിന്റെ കഴുത്തിലെ എല്ലിനു പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഭാര്യ ലക്ഷ്മിയുടെ കാലിനാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. കാലിലെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. ഡ്രൈവറിന്റെയും ലക്ഷ്മിയുടെയും സ്ഥിതി ആശങ്കാജനകമല്ലെന്നാണ് ആശുപത്രിയിൽനിന്നു കിട്ടുന്ന വിവരം. ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകൾ ജനിച്ചത്. കുഞ്ഞിന്റെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ഇവർ ക്ഷേത്രദർശനം നടത്തിയതെന്നും റിപ്പോർട്ട് ഉണ്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികൾ നടത്തുന്ന വ്യക്തിയാണ് ബാലഭാസ്കർ. വയലിനിസ്റ്റായ അമ്മാവൻ ബി. ശശി കുമാറിന്റെ ശിക്ഷണത്തിൽ മൂന്നു വയസ്സു മുതല്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്കർ പതിനേഴാം വയസ്സിൽ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം നൽകിയത്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. നിലവിൽ 'ബാലലീല' എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് ബാലഭാസ്കർ.