ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുന്നു; നാളെ വരെ നിരീക്ഷണത്തില്‍

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുന്നു. നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ബാലഭാസ്കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. അതേസമയം, അപകടത്തിൽ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ  പോസ്റ്റ് മോർ‍ട്ടം  ഇന്ന് നടക്കും. 


ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു. ലക്ഷ്മിക്ക് ആന്തരീക രക്തസ്രാവമുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിച്ചു. ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

ഇന്നലെ പുലർച്ചെയാണു അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തൃശൂരില്‍ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായായിരുന്നു ബാലഭാസ്കറും കുടുംബവും. ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകട കാരണമെന്നു പൊലീസ് അറിയിച്ചു.

അപകടത്തിൽ ബാലഭാസ്കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകൾക്കുമാണു പരുക്കേറ്റത്. തുടർന്ന് ഇന്നലെ തന്നെ ബാലഭാസ്കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.