അച്ഛന് ഓർമയില്ല. അമ്മയുടെ ഓർമ ഇടയ്ക്കിടെ നഷ്ടമാകുന്നു. മകൾ നിശ്ചലയായി മോർച്ചറിയിൽ.വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ശ്രുതിപൊട്ടിയ ജീവിതമോർത്തു കരഞ്ഞു കണ്ണീർ വറ്റിയ അച്ഛനമ്മമാർ. ആശുപത്രി വരാന്തയിൽ പ്രാർഥനയോടെ നിൽക്കുന്ന സുഹൃത്തുക്കൾക്കു സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
തിങ്കളാഴ്ച പുലർച്ചെ നാലിന് ഉണ്ടായ കാർ അപകടത്തിൽ മിനിറ്റുകൾക്കകം മരിച്ച ഒന്നര വയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. എംബാം ചെയ്ത മൃതദേഹം ഉച്ചയ്ക്കു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം തീരുമാനിച്ചിട്ടില്ല. ബന്ധുക്കൾ പറഞ്ഞു: അച്ഛനും അമ്മയും കാണാതെങ്ങനെ മോളെ... അവരുടെ വാക്കുകൾ മുറിഞ്ഞു.
ബാലഭാസ്കറിനു ബോധം വീണ്ടുകിട്ടിയിട്ടില്ല. നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മർദം സാധാരണനിലയിലാകുന്നില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാൽ വെന്റിലേറ്ററിൽ തന്നെ കഴിയുകയാണു ബാലഭാസ്കർ. രക്തസമ്മർദവും ശ്വാസഗതിയും നേരെയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നു ഡോ. എ.മാർത്താണ്ഡപിള്ള പറഞ്ഞു. ലക്ഷ്മി വെന്റിലേറ്ററിലാണെങ്കിലും ഇടയ്ക്കിടെ ബോധം ലഭിക്കുന്നുണ്ട്. അപകടനില തരണം ചെയ്തു. കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തുകൂടിയായ അർജുന്റെ ആരോഗ്യനില തൃപ്തികരമാണ്.
യൂണിവേഴ്സിറ്റി കോളജിൽ എംഎ സംസ്‌കൃതം വിദ്യാർഥിയായിരിക്കുമ്പോഴാണു ബാലഭാസ്കർ ഹിന്ദി എംഎയ്ക്കു പഠിക്കുകയായിരുന്ന ലക്ഷ്മിയെ 2000 ഡിസംബർ 16നു ജീവിതസഖിയാക്കിയത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു തേജസ്വിനിയുടെ ജനനം.